ഇടുക്കിയിൽ ഇരട്ടക്കൊലപാതകം? വീടിന് സമീപം കുഴിച്ചിട്ട ശരീരഭാഗങ്ങൾ കണ്ടെത്തി

Monday 27 April 2026 2:32 PM IST

ഇടുക്കി: നെടുങ്കണ്ടം പച്ചടിക്ക് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു (70), മകൻ റെജി (48) എന്നിവരെ കഴിഞ്ഞ കുറച്ച് നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പൊലീസിന്റെ സംശയം. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്.

ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ മേരിക്കുട്ടിയുടെ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്‌പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ ഈ വിവരും മേരിക്കുട്ടിയുടെ മകളെ അറിയിച്ചു. തുടർന്ന് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും ഇയാളെ കാണുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്‌പി അറിയിച്ചു.

റെജിയും സജിയും തമ്മിൽ എല്ലാദിവസവും വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മകളുടെ ഭർത്താവ് രാജു പറഞ്ഞു. ഇന്നലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകിട്ട് മുതൽ സജി വീട്ടിലില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മയെക്കുറിച്ച് നേരത്തേ അന്വേഷിച്ചപ്പോൾ സജി പരസ്‌പര വിരുദ്ധമായാണ് മറുപടി നൽകിയിരുന്നതെന്നും രാജു പറഞ്ഞു.