കുഞ്ഞിനെ ഓടയിലെറിഞ്ഞു കൊന്നു; അമ്മ അറസ്റ്റിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

Monday 27 April 2026 3:55 PM IST

ചണ്ഡിഗഡ്: 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഫരീദാബാദിലാണ് സംഭവം നടന്നത്. ബീഹാറിലെ മധുബനി ജില്ല സ്വദേശിനിയായ നീലം ആണ് അറസ്റ്റിലായത്. ആറുമക്കളിൽ ഇളയാളാണ് കൊല്ലപ്പെട്ടത്. ദാരിദ്ര്യം മൂലമാണ് യുവതി കടുംകൈയ്ക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് സഞ്ജയും മക്കളുമൊത്താണ് യുവതി ഫരീദാബാദിൽ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജയ്.

ഏപ്രിൽ 23ന് പല്ല പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. സമീപത്തുകൂടി പോയ സ്‌‌‌കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ജീവനോടെ ഓടയിൽ എറിഞ്ഞതാണെന്ന് കണ്ടെത്തി. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ യുവതി കുഞ്ഞിനൊപ്പം പോകുന്നതിന്റെയും തിരികെ ഒറ്റയ്ക്ക് വരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്നും ആറ് പെൺമക്കളെ വളർത്താനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊല നടത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.