നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല; ജഡ്ജിക്കെതിരെ കെജ്‌രിവാളിന്റെ സത്യാഗ്രഹം

Monday 27 April 2026 4:04 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മക്ക് മുമ്പാകെ ഹാജരാകില്ലെന്ന് ഡല്‍ഹി മുല്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് ശര്‍മ്മക്കെഴുതിയ തുറന്ന കത്തിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീതി ലഭ്യമാക്കാനുള്ള ശര്‍മ്മയുടെ കഴിവില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സ്വര്‍ണ കാന്ത ശര്‍മ്മ തള്ളിയിരുന്നു. ജഡ്ജിയുടെ മക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷക പാനലിലുണ്ടെന്നും അതിനാല്‍ അവര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മമാറണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

ഇതോടെയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മക്ക് കെജ്രിവാള്‍ തുറന്ന കത്തെഴുതിയത്. ഗാന്ധിയന്‍ സമരമാര്‍ഗമായ സത്യാഗ്രഹത്തിലൂടെ താന്‍ മുന്നോട്ട് പോകുമെന്നും കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകനോ താനോ കോടതിയില്‍ ഹാജരാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങളിലൂടെ തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് കോടതിയില്‍ ഹാജരാകാത്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കുമ്പോള്‍ അപ്പീല്‍ നടപടികള്‍ക്കായി എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ വിളിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ബോണ്ടിലും പ്രതിയെ കൊണ്ട് ഒപ്പുവെപ്പിക്കാറുണ്ട്. ബോണ്ട് പ്രകാരമുള്ള ഈ നിബന്ധന ലംഘിച്ച് പ്രതി കോടതിയില്‍ ഹാജരാകാതിരുന്നാല്‍ അയാളെ ഹാജരാക്കാന്‍ കോടതിക്ക് വാറണ്ട് പുറപ്പെടുവിക്കാവുന്നതാണ്. ആദ്യം ജാമ്യമുള്ള വാറണ്ടും പിന്നീട് ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിക്കുമെന്ന് അഭിഭാഷകനായ സതീഷ് തംത പറഞ്ഞു.