ചങ്ങനാശേരിയിൽ കാൽനടയാത്ര ദുരിതം..... നടപ്പാതയല്ല ഇത് നരകപാത

Tuesday 28 April 2026 1:57 AM IST

ചങ്ങനാശേരി : കണ്ണൊന്ന് തെറ്റിയാൽ കാൽനടയാത്രികന്റെ അടിതെറ്റുമെന്നതാണ് അവസ്ഥ. ചങ്ങനാശേരി നഗരത്തിലെ നടപ്പാതകളിലെ ഇന്റർലോക്ക് കട്ടകൾ തകർന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. എന്നിട്ടും അധികൃതർ ഇതൊന്നും കണ്ടഭാവമില്ല. എം.സി റോഡിൽ പെരുന്ന മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുവശത്തുമുള്ള നടപ്പാതകൾ തകർന്നിട്ട് മാസങ്ങളായി. റോഡ് നവീകരണത്തിന്റെ ഭാഗമായി ടെലുകൾ പാകി മനോഹരമാക്കിയവയായിരുന്നു ഭൂരിഭാഗവും. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകളും ഇളകിത്തുടങ്ങിതോടെ നടപ്പാതകളിൽ കുഴികളും രൂപപ്പെട്ടു. മൂടിയില്ലാത്ത ഓടകളും നിരവധി. നടപ്പാതകളിലെ തകർന്ന ടൈലുകൾക്കിടയിൽ തട്ടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ഒരു രക്ഷയുമില്ല

സെൻട്രൽ ജംഗ്ഷൻ

കെ.എസ്.ആർ.ടി.സി

പെരുന്ന, ളായിക്കാട്

എസ്.ബി കോളേജ്

വാഴൂർ റോഡ്, പാലാത്ര

ബൈപ്പാസ് റോഡ്

റെയിൽവേ റോഡ്

ജീവൻപണയം വച്ച് യാത്ര ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ സഞ്ചരിക്കുന്നതും ടൈലുകൾ തകരുന്നതിനിടയാക്കി. നടപ്പാതകളിൽ തടസം സൃഷ്ടിച്ച് അനധികൃത പാർക്കിംഗും തലവേദന സൃഷ്ടിക്കുകയാണ്. ഒപ്പം അനധിൃത കച്ചവടവും. തട്ടുകടകളും ചെറുകിട കച്ചവടങ്ങളും നടത്തുന്നത് നടപ്പാതയിലാണ്. റോഡരികിലെ തട്ടുകടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സാധന സാമഗ്രികൾ ഇറക്കിവച്ചിട്ടും നടപടി അകലെയാണ്. ചുരുക്കത്തിൽ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ.

''നടപ്പാത നന്നാക്കി അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കണം. നിരവധിത്തവണ ആവശ്യം ഉയർന്നെങ്കിലും പരാതികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

വ്യാപാരികൾ