നാട്യഗൃഹ വാർഷികം സമാപിച്ചു
Tuesday 28 April 2026 12:20 AM IST
മാഹി: ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ദ്വിദിന, ചാലക്കര നാട്യഗൃഹം പതിനാറാം വാർഷികം സമാപിച്ചു. ഗ്രാമത്തിന്റെ മനസ്സിന് സംഗീത സാന്ദ്രമായ ധന്യനിമിഷങ്ങൾ സമ്മാനിച്ചാണ് ആദ്യനാളിലെ രംഗവേദിയുണർന്നത്. ചലച്ചിത്രപിന്നണി ഗായകൻ എം. മുസ്തഫയാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. മ്യൂസിക്കൽ നൈറ്റും വയലിൻ ഫ്യൂഷനുമുണ്ടായി. സമാപന സമ്മേളനത്തിന് പ്രോഗ്രാം കൺവീനർ റിജേഷ് രാജന്റെ അദ്ധ്യക്ഷയിൽ കലാമണ്ഡലം മഹേന്ദ്രൻ തിരിതെളിയിച്ചു. ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, കലൈമാമണി ചാലക്കര പുരുഷു സംസാരിച്ചു. സമ്മാനദാനവും നൃത്തസന്ധ്യയും അരങ്ങേറി. വായ്പാട്ടിൽ സ്വരാഗ് പള്ളൂരും വയലിനിൽ രാജേഷ് കൊയിലാണ്ടിയും വീണയാൽ മുരളി കൃഷ്ണനും മൃദംഗത്തിൽ കലാമണ്ഡലം ശ്രീരംഗും അകമ്പടി സേവിച്ചു. കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും നർത്തകി ഊർമ്മിള പത്മനാഭൻ നന്ദിയും പറഞ്ഞു.