വ്യാജ വിമാന ടിക്കറ്റ് നൽകി തട്ടിപ്പ്: ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ കേസ്
മൂവാറ്റുപുഴ: വ്യാജ വിമാന ടിക്കറ്റ് നൽകി പണം തട്ടിയെടുത്തെന്ന പരാതിയിൽ മൂവാറ്റുപുഴ വാഴക്കുളം മടക്കത്താനം വടക്കേ പുത്തൻപുരയിൽ എസ്. ബിനുവിനെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ വാഴക്കുളം മടക്കത്താനം പടിഞ്ഞാറേ വീട്ടിൽ ആർ. അനിൽകുമാർ നൽകിയ പരാതിയിലാണ് നടപടി. സുഹൃത്തിനൊപ്പം ജയ്പൂരിലേക്ക് പോകാൻ ട്രെയിൻ, വിമാന ടിക്കറ്റുകൾക്കായി അനിൽകുമാർ ട്രാവൽ ഏജൻസി ഉടമയായ ബിനുവിന് 22,000 രൂപ നൽകിയിരുന്നു.
മാർച്ച് 22ന് എറണാകുളത്തുനിന്ന് ട്രെയ്‌നിൽ ജയ്പൂരിലേക്ക് പോയ അനിൽകുമാർ, മാർച്ച് 24ന് മടങ്ങാനാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് ടിക്കറ്റ് കൺഫേം ആയില്ലെന്ന് ബിനു അറിയിച്ചു. ഇതോടെ 22,000 രൂപ അധികം നൽകി നെടുമ്പാശേരിക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടി വന്നു. നാട്ടിലെത്തിയ ശേഷം അധികം ചിലവായ തുകയും ആദ്യം നൽകിയ 14,500 രൂപയും ഉൾപ്പെടെ 36,500 രൂപ ആവശ്യപ്പെട്ടെങ്കിലും ബിനു പണം നൽകാൻ തയ്യാറായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
റൂറൽ എസ്.പിക്ക് നൽകിയ പരാതി വാഴക്കുളം പൊലീസിന് കൈമാറിയെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്ന് അനിൽകുമാർ ആരോപിച്ചു. പരാതിയിലെ നടപടികൾ ചോദിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഏപ്രിൽ 26നാണ് പൊലീസ് കേസെടുത്തത്. ട്രാവൽ ഏജൻസിക്ക് വേണ്ടി പൊലീസ് പരാതി മുക്കിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.