കാണാതായ ഗ്രാമപഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തി

Tuesday 28 April 2026 12:24 AM IST
ധന്യ ഗണേശൻ

മാങ്കുളം: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്തംഗത്തെ കണ്ടെത്തി.ഇക്കഴിഞ്ഞ 22 മുതലാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡംഗമായ ധന്യ ഗണേശനെ കാണാനില്ലെന്ന പരാതി ഉയർന്നത്.ഇത് സംബന്ധിച്ച് മൂന്നാർ പൊലീസിൽ പരാതി ലഭിക്കുകയും ചെയ്തിരുന്നു.പഞ്ചായത്തംഗത്തെ കാണാതായെന്ന പരാതി ഉയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതിനെതിരെ പ്രതിഷേധവും വിമർശനവും ഉയരുകയും ചെയ്തു.ഇതിനിടയിലാണിന്ന് പഞ്ചായത്തംഗത്തെ മാങ്കുളം അമ്പതാംമൈലിന് സമീപം ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയിൽ നിന്നും അവശനിലയിൽ കണ്ടെത്തിയത്.ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മുതൽ പഞ്ചായത്തംഗത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും പൊലീസും നാട്ടുകാരും പഞ്ചായത്തംഗങ്ങളുമടക്കം ചേർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് അവശനിലയിൽ പഞ്ചായത്തംഗത്തെ കണ്ടെത്തിയത്.