ഒടുവിൽ ജനനായകൻ തിയേറ്ററിലേക്ക്,​ വിജയ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

Monday 27 April 2026 10:47 PM IST

സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായ ദളപതി വിജയ്‌യുടെ ജനനായകൻ ഒടുവിൽ തിയേറ്ററിലേക്ക്. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകൻ 2026 മേയ് 8ന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. വിജ‌യ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ പ്രകടനം സിനിമയുടെ വിജയത്തെയും സ്വാധീനിച്ചേക്കാം. സിനിമയുടെ ഭാഗങ്ങൾ അടുത്തിടെ ഓൺലൈനിൽ ചോർന്നത് വിവാദമായിരുന്നു.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ബോബി ഡിയോൾ,​ മമിത ബൈജു,​ ഗൗതം വാസുദേവ് മേനോൻ,​ പ്രകാശ് രാജ്,​ പ്രിയാമണി,​ നരേൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും.

2026 പൊങ്കിൽ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാൽ സെൻസർ പ്രശ്നങ്ങൾ സിനിമയെ റിലീസ് അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.