ദുരന്ത ഓർമ്മകളോടെ പൂരക്കലാശം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാല ദുരന്തത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി പൂരം കൊടിയിറങ്ങി. സാമ്പിൾ വെടിക്കെട്ടിന് മൂന്ന് ദിനം മുമ്പ്, അതുവരെയും സമ്പൂർണ പൂരമെന്ന ലക്ഷ്യത്തോടെ പോകുന്നതിനിടെയാണ് ഇടിത്തീയായി ദുരന്തം ഉണ്ടായത്. ഇതുവരെ 16 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാലുപേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത് ഇവരുടെ ബന്ധുക്കൾ കൂടി സമ്മതപത്രം നൽകിയാലേ വിട്ടുനൽകൂ.
പൂരം വിവാദം
വെടിക്കെട്ട് അപടകടത്തെ തുടർന്ന് ഉയർന്ന വിവാദം ഇപ്പോഴും അന്തരീക്ഷത്തിൽ കറങ്ങുകയാണ്. പൂരം ചടങ്ങായി നടത്തണമെന്ന ആവശ്യം പല കോണിൽ നിന്ന് ഉയർന്നെങ്കിലും വെടിക്കെട്ട് പൂർണമായും ഒഴിവാക്കി കുടമാറ്റം 15 മിനിറ്റിലൊതുക്കി പൂരമായി തന്നെ നടത്തുകയാണ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഘടകക്ഷേത്രങ്ങൾ വരെ കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശം ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല. മരിച്ചവർക്ക് തിരുവമ്പാടി ദേവസ്വം സഹായം പ്രഖ്യാപിക്കാതിരുന്നതും വിമർശനത്തിന് ഇടയാക്കി.
ആളുകളുടെ കുറവ്
വെടിക്കെട്ട് ഇല്ലാതായതോടെ പല ജില്ലകളിൽ നിന്നും ആളുകളെത്തിയില്ല. കൊല്ലത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരുന്നെങ്കിലും വൻതിരക്ക് അനുഭവപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ഹോട്ടലുകളുടെ മുറികൾ പലരും വേണ്ടെന്നുവച്ചു. കുടമാറ്റ സമയത്ത് മാത്രമാണ് കാര്യമായ തിരക്ക് അനുഭവപ്പെട്ടത്. രാത്രി പൂരം കഴിഞ്ഞതോടെ തിരക്ക് വളരെ കുറഞ്ഞു. ഇന്നലെ രാവിലെ തന്നെ റൗണ്ടിലേക്ക് ബസുകളെ കടത്തിവിട്ടു. പകൽ വെടിക്കെട്ട് ഇല്ലാത്തതിനാൽ പകൽപൂരത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
പൂരത്തിന് പരിസമാപ്തി കുറിച്ച്, ഭഗവതിമാർ വിടചൊല്ലി
അടുത്ത പൂരം 2027 എപ്രിൽ 17ന്തൃശൂർ: തൃശൂർ പൂരത്തിന് പരിസമാപ്തി കുറിച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇന്നലെ രാവിലെ ഇരു ഭഗവതിമാരും മേളത്തോടെ ശ്രീമൂലസ്ഥാനത്തേയ്ക്ക് പുറപ്പെട്ടതോടെ ചടങ്ങുകൾക്ക് തുടക്കമായി. കിഴക്കൂട്ട് അനിയൻ മാരാരും ചെറുശേരി കുട്ടൻ മാരാരും ഒരിക്കൽകൂടി മേളവിസ്മയം തീർത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ചതോടെ ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ അകത്ത് കടന്നു. ഒറ്റ പ്രദക്ഷിണം പൂർത്തിയാക്കി വീണ്ടും ശ്രീമൂലസ്ഥാനത്തേക്ക്. ആദ്യം പാറമേക്കാവ് ഭഗവതിയും പിന്നാലെ തിരുവമ്പാടി ഭഗവതിയും പുറത്തേക്കിറങ്ങി നിലയുറപ്പിച്ചു. തുടർന്ന് മൂന്നുതവണ ശംഖുനാദം മുഴങ്ങിയതോടെ അടുത്ത വർഷത്തെ പൂരത്തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17നാണ് പൂരം. ഇതോടെ തിടമ്പേറ്റിയ പാറമേക്കാവിന്റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ ചന്ദ്രശേഖരനും തുമ്പി ഉയർത്തി മൂന്നുതവണ അഭിവാദ്യം ചെയ്തു. പിന്നെ തിരിഞ്ഞുനോക്കാതെ തിടമ്പേറ്റിയ ആനകൾ നീങ്ങി. പാറമേക്കാവ് ഭഗവതി വടക്കുന്നാഥനിൽ പ്രവേശിച്ച് ചന്ദ്രപുഷ്കരണിയിൽ ആറാട്ട് നടത്തി ക്ഷേത്രത്തിലേക്ക് മടങ്ങി. തിരുവമ്പാടി ഭഗവതി മഠത്തിലെത്തി പടിഞ്ഞാറെ ചിറയിൽ ആറാട്ട് നടത്തി മടങ്ങി. പകൽപ്പൂരത്തിന് സമാപനംകുറിച്ചുള്ള വെടിക്കെട്ട് ഉണ്ടായില്ല.
കാലുറപ്പിക്കാൻ നേരമില്ല... പരക്കംപാച്ചിൽ തുടരുന്നൂ
തൃശൂർ: ഒന്നൊഴിയുമ്പോൾ മറ്റൊന്ന്...ദിവസങ്ങളോളമായി ജില്ലാ ഭരണകൂടവും പൊലീസും നെട്ടോട്ടത്തിലാണ്. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ പരക്കംപാച്ചിൽ ഇന്നും തുടരുന്നു. ജോലികൾക്കു പുറമെ അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തങ്ങളും വിനയായി. ഇനി, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിയുംവരെ വിശ്രമമില്ല. ആയിരക്കണക്കിന് ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി ആവശ്യമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വോട്ടെണ്ണലും പൂർത്തിയാക്കി ശ്വാസംവിടും മുമ്പ് തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവവും സംസ്ഥാന ടെക്നിക്കൽ കലോത്സവവുമെത്തി. ഇതിന് പിന്നാലെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം. തിയതി പെട്ടെന്ന് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റു വകുപ്പുകൾക്കും വിശ്രമമില്ലാതായി. എപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ തൃശൂർ പൂരത്തിനുള്ള ഒരുക്കങ്ങളുമായി. ഇതിനിടെയാണ് നാടിനെ നടുക്കി മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ സ്ഫോടനമുണ്ടായത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 17 പേരുടെ ജീവൻ നഷ്ടപ്പെട്ടു. അപകടം നടന്നതു മുതൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസും രംഗത്തിറങ്ങി. ഇതിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. പൂരം നടത്തിപ്പിന് മാത്രം നാലായിരത്തിലേറെ പൊലീസാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്. പൂരത്തിന്റെ ക്ഷീണം തീരും മുമ്പെ ഇനി വരാനിരിക്കുന്നത് മേയ് നാലിനുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണലാണ്.
മൂന്നു മണിക്കൂറിനുള്ളിൽ നഗരം ക്ലീൻ
തൃശൂർ: ലക്ഷക്കണക്കിന് പേരെത്തിയ പൂരനഗരി മൂന്നുമണിക്കൂറിനുള്ളിൽ ക്ലീനാക്കി കോർപറേഷൻ. പൂരം കഴിഞ്ഞയുടൻ ക്ഷേത്ര പരിസരവും സ്വരാജ് റൗണ്ടും റിംഗ് റോഡുകളും പൂർണായി ശുചീകരിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യുട്ടി മേയർ എ.പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന ചന്ദ്രൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.