പൊലീസുകാർക്ക് നേരെ കൈയേറ്റ ശ്രമം: സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും

Monday 27 April 2026 11:41 PM IST

തലശ്ശേരി: സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസ് സംലത്തെ തടഞ്ഞ് കൈയേറ്റ ശ്രമം നടത്തുകയും പൊലീസ് ജീപ്പ് അടിച്ച് തകർക്കുകയും ചെയ്‌തെന്ന കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും കോടതി വിധിച്ചു. കൂത്തുപറമ്പ് പൊലീസ് ചാർജ് ചെയ്ത കേസിൽ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി.ബാബു (49), മാങ്ങാട്ടിടത്തെ കലശ പറമ്പത്ത് കെ.പത്മനാഭൻ (57), കൈതേരി കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം തടവിനും 25000 രൂപ വീതം പിഴ അടക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.

2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിട വച്ചാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഇൻസ്‌പെക്ടർ പ്രേംസദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പൊലീസ് ജീപ്പിന് നേരെ അതിക്രമം നടത്തി 9500 രൂപയുടെ നാശനഷ്ടം വരുത്തി എന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ വി.എസ് ജയശ്രീ ആണ് ഹാജരായത്. അന്നത്തെ തലശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറും റിട്ട. എസ്.പിയുമായ ടി.കെ രത്നകുമാർ ആണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്‌.