തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ചു; വെടിയുണ്ടകൾ ശരീരത്തിൽ തറച്ചു കയറി, നില അതീവ ഗുരുതരം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാൾ നിലവിൽ കല്ല്യാണി ജവഹർലാൽ നെഹ്റു മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പ്രോസൻജിത് സുഹൃത്തുമായി റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് പ്രോസൻജിത്തിന്റെ ശരീരത്തിൽ തറച്ചുകയറിയത്. ഗുരുതരമായി പരക്കേറ്റ ഇയാളെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. താൻ ഒരു തൃണമൂൽ പ്രവർത്തകനായതാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയിൽ വച്ച് പ്രോസൻജിത് മൊഴി നൽകി. തന്നെ ആക്രമിച്ചവരിൽ മൂന്ന് പേരെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രോസൻജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.