വെന്തുരുകി രാജ്യം; അത്യുഷ്‌ണമുള്ള 95 നഗരങ്ങൾ ഇന്ത്യയിൽ, കൂടുതൽ താപനില യു.പിയിലെ ബന്ദയിൽ
ന്യൂഡൽഹി: രാജ്യം കടുത്ത ഉഷ്ണത്തരംഗത്തിന്റെ പിടിയിൽ. ആഗോള താപസൂചിക റാങ്കിംഗിൽ ലോകത്തെ ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലെന്ന് എ.ക്യു.ഐ ലൈവ് വെതർ റാങ്കിംഗ് കണക്കുകൾ പറയുന്നു. 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ യു.പിയിലെ ബന്ദ നഗരമാണ് മുന്നിൽ. യു.പിയിലെ ബിന്ദ്കി,ഔറയ്യ,ഫത്തേപൂർ,ഇറ്റാവ,മൊറാദാബാദ്,കൃപാലു ധാം മംഗർ,ഉൻചഹാർ,പ്രയാഗ് രാജ്,പശ്ചിമബംഗാളിലെ ബാങ്കുര നഗരങ്ങളിൽ 46 ഡിഗ്രി രേഖപ്പെടുത്തി.
മഹാരാഷ്ട്ര,തെലങ്കാന,മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,ഒഡീഷ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് താപനില. രാജ്യതലസ്ഥാനമായ ഡൽഹി,മഹാരാഷ്ട്രയിലെ നാഗ്പുര,അകോള,ഒഡീഷയിലെ ഭുവനേശ്വർ,മദ്ധ്യപ്രദേശിലെ ഭോപ്പാൽ തുടങ്ങിയ നഗരങ്ങളും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.
ആകാശത്ത് മേഘ
സാന്നിദ്ധ്യമില്ല
കാലാവസ്ഥാ ഘടകങ്ങളാണ് ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നത്. വരണ്ട കാറ്റ്, തെളിഞ്ഞ ആകാശം, പ്രീമൺസൂൺ പ്രവർത്തനങ്ങൾ വൈകുന്നത് എന്നിവയെല്ലാം താപനില ഉയരാൻ കാരണമാകുന്നു. കൂടാതെ ആകാശത്ത് മേഘ സാന്നിദ്ധ്യമില്ലാത്തതിനാൽ സൂര്യപ്രകാശം ദീർഘനേരം നേരിട്ട് ഭൂമിയിൽ പതിക്കുന്നു. ഹിമാലയത്തിൽ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയരാൻ കാരണമായി.
എട്ടിടങ്ങളിൽ ജാഗ്രതാ
മുന്നറിയിപ്പ്
ജമ്മു-കാശ്മീർ,ലഡാക്ക്,ഹിമാചൽപ്രദേശ്,ഉത്തർപ്രദേശ്,പഞ്ചാബ്,ഹരിയാന,ചണ്ഡീഗഢ്,ഡൽഹി എന്നിവിടങ്ങളിൽ ഇന്ന് കടുത്ത ഉഷ്‌ണ തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും തമിഴ്‌നാട്,പുതുച്ചേരി,കാരക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെയും ചൂട് കാലാവസ്ഥ തുടരും. അതേസമയം,അരുണാചൽപ്രദേശ്, അസം,മേഘാലയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.