കുറ്റിച്ചലിലും കടുത്ത കുടിവെള്ളക്ഷാമം
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിൽ.വനപ്രദേശവുമായി ചേർന്നുനിൽക്കുന്ന പറക്കോണംകുന്ന്,കടമാൻകുന്ന്,നെല്ലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളാണ് കടുത്ത ജലക്ഷാമമുള്ളത്. വേനൽ കടുത്തതോടെ കിണറുകളും,തോടുകളും വറ്റിവരണ്ടു.പൈപ്പ് ലൈനിൽ വെള്ളവും കിട്ടുന്നില്ല. നാലുവർഷം മുൻപാണ് ജനജീവൻ പദ്ധതിപ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടി മീറ്റർ സ്ഥാപിച്ചത്. എന്നാൽ പദ്ധതി വഴി ഒരു തുള്ളി വെള്ളം പോലും പലസ്ഥലത്തും എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
അതിനിടെ കാപ്പുകാട് നിന്ന് തലസ്ഥാന നഗരിയിലേക്ക് വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
2017ൽ കോട്ടൂർ ആന പാർക്ക് പ്രദേശത്തുള്ള നെയ്യാർ ജലസംഭരണിയിൽ നിന്ന് കരമനയാർ വഴി അരുവിക്കരയിലേക്ക് വെള്ളമെത്തിച്ചിരുന്നു. അന്നും ഇവിടെ പ്രതിഷേധം ശക്തമായിരുന്നു. ഗ്രാമീണരുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാതെ നഗരങ്ങളിൽ വെള്ളം കൊണ്ടുപോകാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.എത്രയും വേഗം തങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.