വിയർത്തും വെന്തുരുകിയും ഡെലിവറി ജീവനക്കാർ
ആലപ്പുഴ: പൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളം നീളുന്ന ഇരുചക്രവാഹനയാത്ര. ഹെൽമെറ്റിനും, കൈയുറകൾക്കുമുള്ളിൽ വിയർത്തുകുളിക്കുന്ന അവസ്ഥ. കൈയും പുറവും ഉൾപ്പടെ ശരീരമാസകലം ചൂട് കൊണ്ട് പുളയും. ഓൺലൈൻ ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്ഥിതിയാണിത്. ഭക്ഷണ ഡെലിവറി, ഓൺലൈൻ സൈറ്റുകളിൽ നിന്നുള്ള ഇതര സാധനങ്ങളുടെ കൈമാറ്റം എന്നിവ ഉപജീവനമാക്കി നൂറുകണക്കിന് പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 37 ഡിഗ്രി സെൽഷ്യസിന് മുകളിലെ താപനിലയിലും കനത്ത ഗതാഗതക്കുരുക്കിനിടയിലുമാണ് ഡെലിവറി ജീവനക്കാർ ജോലി തുടരുന്നത്. രാവിലെ മുതൽ രാത്രിവരെ ഇരുചക്രവാഹനങ്ങളിൽ നഗരമൊട്ടാകെ സഞ്ചരിക്കുന്ന ഇവർക്ക് വേനൽക്കാലം കൂടുതൽ കഠിനമാണ്. പൊള്ളുന്ന ചൂടിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്നത് ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി തൊഴിലാളികൾ പറയുന്നു. അമിത ദാഹം, തലചുറ്റൽ, അമിതക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ പതിവാണ്. കുറഞ്ഞവേതനവും അനിശ്ചിത വരുമാനവും വെല്ലുവിളിയാണ്. ദിവസം മുഴുവൻ ജോലിചെയ്താലും ലഭിക്കുന്ന പ്രതിഫലം തുച്ഛമായിരിക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇന്ധനവില, വാഹനപരിപാലനച്ചെലവ്, മൊബൈൽ ഡേറ്റാ ചെലവ് എന്നിവയും വരുമാനത്തിൽ നിന്ന് വേണം കണ്ടെത്താൻ. തിരക്കേറിയ റോഡുകളിൽ സമയംപാലിച്ച് ഓർഡർ എത്തിക്കേണ്ട സമ്മർദ്ദവും ജീവനക്കാരെ വലയ്ക്കുകയാണ്. വൈകിയാൽ ഉപഭോക്തൃപരാതിയും റേറ്റിങ്ങിലെ കുറവും നേരിടണം.
വിനയായി സിലിണ്ടർ ക്ഷാമം
# പാചകവാതകക്ഷാമം ഓൺലൈൻ ഭക്ഷണവിതരത്തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലാക്കി
# പ്രധാന ഹോട്ടലുകളിൽ മെനു വെട്ടിക്കുറച്ചത് ഓർഡറുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കി
# വെയിൽ നേരിട്ടേൽക്കുന്ന ജോലികൾക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുണ്ടെങ്കിലും കമ്പനികളിൽ നിന്ന് ഒരുവിധ മാർഗനിർദ്ദേശവും ഇവർക്ക് ലഭിച്ചിട്ടില്ല
#ചൂട് അതി കഠിനമായ സമയങ്ങളിൽ ഓർഡർ നിരക്കിൽ വർദ്ധന വരുത്തിയിരിക്കുകയാണ് മിക്ക ഓൺലൈൻ കമ്പനികളും
#അഞ്ച് മുതൽ പത്തുവരെയാണ് ഇത്തരത്തിൽ ഓർഡർ ഒന്നിന് നിരക്ക് വർദ്ധന വരുത്തിയിട്ടുള്ളത്
പകൽ സമയത്ത് പുറത്തിറങ്ങരുതെന്ന നിർദ്ദേശം പാലിക്കാൻ സാധിക്കാറില്ല. ഓർഡറുകൾ ചൂട് വകവയ്ക്കാതെ കൃത്യ സമയത്ത് എത്തിച്ചാൽ മാത്രമേ വരുമാനം ലഭിക്കൂ
- ഓൺലൈൻ ഡെലിവറി ജീവനക്കാർ