യുവാവിന്റെ മരണം : സഹോദരൻ അറസ്റ്റിൽ

Tuesday 28 April 2026 2:37 AM IST

ചേലക്കര: യുവാവ് മരിച്ച സംഭവത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് തോട്ടുപാലം പുളിക്കൽ വീട്ടിൽ പരേതരായ അലിയുടെ മകൻ അൻവറിനെയാണ് (32) അറസ്റ്റ് ചെയ്തത്. സഹോദരൻ അൻസാറിനെയാണ് (27) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളായ ഇവർ തമ്മിൽ തർക്കം പതിവാണെന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ തർക്കം ഉണ്ടായപ്പോൾ പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചതായും പറയുന്നു. ഞായറാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കോണിപ്പടിക്ക് സമീപം വീണു കിടക്കുന്നത് കാണുന്നത്. ഡ്രൈവറായ അൻസാറും കണ്ടക്ടറായ അൻവറും ഒരുമിച്ചാണ് കഴിയുന്നത്. ഗർഭിണിയായ അൻവറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അൻവർ വീട്ടിലെത്തുമ്പോൾ പലപ്പോഴും അൻസാർ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് കാണാറുണ്ട്. പതിവായതോടെ ഇത് ചോദ്യം ചെയ്തു.

വീട്ടിൽ നിന്ന് പോയ അൻവർ പിന്നീട് രാത്രിയിൽ കൂട്ടുകാരുമൊത്ത് വീണ്ടും വീട്ടിലെത്തി അൻസാറുമായി തർക്കവും കൈയേറ്റവുമുണ്ടായി. ഇതിനിടെയാണ് അൻസാറിന് പരിക്കേറ്റത്. അൻവർ തന്നെയാണ് ചേലക്കര പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി അൻവറിനോട് വീട്ടിൽ നിന്ന് രാത്രി മാറി നിൽക്കാൻ ആവശ്യപ്പെട്ടു. അൻസാർ വീട്ടിനുള്ളിൽ ഇരിക്കെ വീട് പൂട്ടി അൻവർ പോയി. സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അൻവറിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ചേലക്കര എസ്.എച്ച്.ഒ സുധീഷ് കുമാറാണ് അന്വേഷണ ഉദ്വാഗസ്ഥൻ.