ടെൻഷൻ മാറ്റാൻ കിളിപ്പാട്ട് !

Tuesday 28 April 2026 9:40 AM IST

ന്യൂയോർക്ക് : പുലർച്ചെ നിശബ്ദതമായ അന്തരീക്ഷത്തിനിടെയുള്ള പക്ഷികളുടെ മനോഹരമായ സംഗീതം ആസ്വദിക്കുന്നവരാണോ നിങ്ങൾ ? ഈ പക്ഷികളുടെ ശബ്ദത്തിൽ ലയിക്കുമ്പോൾ എന്തോ ഒരു പ്രത്യേക തരം ശാന്തതയാണ് മനസിൽ. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ ? മാനസിക പിരിമുറുക്കങ്ങളെയും ഉത്കണ്ഠയേയും മറികടക്കാൻ പക്ഷികളുടെ ശബ്ദം കേൾക്കുന്നത് മനുഷ്യനെ സഹായിക്കുമെന്നാണ് കണ്ടെത്തൽ.

നഗരങ്ങളിലെ ട്രാഫികിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നവെന്ന് വിലയിരുത്തിയാണ് ഗവേഷകർ ഇത്തരം നിഗമനത്തിൽ എത്തിയത്. വിവിധ തീവ്രതയിലെ ശബ്ദങ്ങൾ കേൾപ്പിക്കുകയും അതിന് മുമ്പും ശേഷവും ചില സൈക്കോളജിക്കൽ ടാസ്കുകൾക്കും സർവേകൾക്കും വിധേയമാക്കുകയും ചെയ്തതിലൂടെയാണ് ഗവേഷകർ പക്ഷികളുടെ സംഗീതത്തിന് മനുഷ്യരുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാനാകുമെന്ന് സ്ഥിരീകരിച്ചത്.

ലോകമെമ്പാടും നഗരവത്കരണം വ്യാപകമാണ്. 2050ഓടെ ഭൂമിയിലെ 70 ശതമാനം മനുഷ്യരും നഗരങ്ങളിലാകും ജീവിക്കുകയെന്നാണ് വിലയിരുത്തൽ. ഇതിനിടെ വൈവിദ്ധ്യമാർന്ന നിരവധി പക്ഷി സ്പീഷീസുകൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് ആശങ്ക.