കാലാവസ്ഥ വിവാഹച്ചടങ്ങും കുളമാക്കി; പരിക്കേറ്റത് ദമ്പതികളുൾപ്പെടെ നിരവധിപേർക്ക്, സദ്യയും നശിച്ചു
ജയ്പൂർ: സമൂഹ വിവാഹച്ചടങ്ങ് നടക്കുന്നതിനിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വധൂവരന്മാരുൾപ്പെടെ നിരവധിപേർക്ക് പരിക്ക്. പന്തൽ പൂർണമായി തർന്നതിനൊപ്പം സദ്യയ്ക്കുള്ളവിഭവങ്ങളും മുഴുവൻ നശിച്ചു. തുടർന്ന് കനത്ത മഴകൂടിപെയ്തതോടെ സ്ഥിതി കൂടുതൽ പരിതാപകരമായി. രാജസ്ഥാനിലെ തോങ്കിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
36 ദമ്പതികളുടെ വിവാഹത്തിനാണ് വേദി ഒരുക്കിയിരുന്നത്. സംസ്ഥാന ഊർജമന്ത്രി ഹീരാലാലായിരുന്നു ചടങ്ങിലെ പ്രത്യേക ക്ഷണിതാവ്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ചടങ്ങ് ഗംഭീരമാക്കാനായിരുന്നു സംഘാടകരുടെ ശ്രമം. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അവർ ചെയ്തിരുന്നു. കൂറ്റൻ വിവാഹപ്പന്തലാണ് ഒരുക്കിയിരുന്നത്. രാവിലെ മുതൽ പന്തലിൽ വൻ ജനത്തിരക്കായിരുന്നു. വധൂവരന്മാരും എത്തിയിരുന്നു.
ഉച്ചകഴിഞ്ഞതോടെ അന്തരീക്ഷം പാടെ മാറി. മൂന്നരയോടെ ശക്തമായ കാറ്റുണ്ടായി. നിമിഷങ്ങൾക്കകം അത് ചുഴലിക്കാറ്റായി മാറി. ഇതോടെ പന്തലിൽ ജനങ്ങൾക്ക് നിൽക്കാൻ വയ്യാത്ത അവസ്ഥയായി. അല്പം കഴിഞ്ഞതോടെ കാറ്റിന്റെ ശക്തി കൂടുകയും പന്തൽ തകരുകയും ചെയ്തു. ഇതുകണ്ട് ഭയന്ന് നവദമ്പതികൾ ഉൾപ്പെടെയുള്ളവർ പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടെ വീണും പന്തലിന്റെ ഇരുമ്പുതൂണുകൾ ശരീരത്തിൽ പതിച്ചുമാണ് കൂടുതൽപ്പേർക്കും പരിക്കേറ്റത്. കാറ്റ് ശമിച്ചതോടെ ചടങ്ങ് നടത്തി. മന്ത്രി ദമ്പതികളെ ആശീർവദിക്കുകയും ചെയ്തു.
സമീപദിവസങ്ങളിൽ രാജസ്ഥാനിൽ അസാധാരണമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്. വരുംദിവസങ്ങളിലും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നുമാണ് കാലാവസ്ഥാവകുപ്പിന്റെ നിർദ്ദേശം. സംസ്ഥാനത്ത് കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.