ഹോർമൂസിൽ സന്തോഷ വാർത്ത; ആദ്യ എൽഎൻജി ചരക്കുകപ്പൽ വിജയകരമായി കടന്നു, സംഘർഷം അവസാനത്തിലേക്ക്?
ടെഹ്റാൻ: അമേരിക്ക ഇറാൻ സംഘർഷങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ എൽഎൻജി വഹിച്ചുകൊണ്ടുള്ള ആദ്യ ചരക്ക് കപ്പൽ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു. മാർച്ചിൽ യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എൽഎൻജി ഗതാഗതമാണിത്. ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം തിങ്കളാഴ്ച ഇന്ത്യയ്ക്ക് സമീപം 'മുബാറസ് ' എന്ന കപ്പൽ കണ്ടെത്തിയിരുന്നു. മാർച്ചിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദാസ് ഐലൻഡ് പ്ലാന്റിൽ നിന്ന് എൽഎൻജി കയറ്റിയ ഈ കപ്പൽ, സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 31ന് കപ്പലിൽ നിന്നുള്ള സിഗ്നൽ പൂർണമായും നഷ്ടപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇന്ത്യൻ തീരപരിധിയിൽ കപ്പൽ പ്രത്യക്ഷമാകുന്നത്. ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്. റിപ്പോർട്ട് പ്രകാരം മുബാറസ് എന്ന കപ്പൽ ചൈനയിലേക്കാണ് യാത്ര തിരിച്ചിരിക്കുന്നത്. ഇത് മേയ് മാസത്തിന്റെ രണ്ടാം പകുതിയോടെ ചൈനയിൽ എത്തിച്ചേരുമെന്നാണ് സൂചന.
ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ ആഗോള ഊർജ വിപണി പ്രതിസന്ധിയിലായിരുന്നു. ലോകത്തിലെ പ്രധാന ഊർജ ഇടനാഴിയിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ലോകത്തിന്റെ മുഴുവൻ എൽഎൻജി വിതരണത്തിന്റെ ഏകദേശം അഞ്ചിൽ ഒരു ഭാഗം ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.