തണ്ണിമത്തൻ ആളെക്കൊല്ലുമോ? ഒരു കുടുംബം മുഴുവൻ മരണപ്പെട്ടതിന് പിന്നിലെ വില്ലൻ, ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
മുംബയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10:30ഓടെ ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ച കുടുംബം പിന്നീട് പുലർച്ചെ ഒരു മണിയോടെ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഇതേത്തുടർന്ന് അടുത്ത ദിവസം പുലർച്ചെ 5:30ഓടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ നാലുപേരും മരണപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
ഇവർ കഴിച്ചതായി പറയപ്പെടുന്ന തണ്ണിമത്തന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചതായി പൊലീസ് അറിയിച്ചു.അന്വേഷണത്തിനായി ഫോറൻസിക്, ഭക്ഷ്യ വകുപ്പും രംഗത്തുണ്ട്. കുടുംബം കഴിച്ച തണ്ണിമത്തനിൽ ബാഹ്യ വിഷ പദാർത്ഥമോ മായം ചേർക്കുന്ന പദാർത്ഥമോ ഉണ്ടായിരുന്നോ എന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ പരിശോധന നടക്കുകയാണ്.
മൈക്രോബയോളജി വിഭാഗവും അണുബാധകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരിശോധിക്കുന്നുണ്ട്. ടിഷ്യൂകൾ ഹിസ്റ്റോപാത്തോളജിയിൽ പരിശോധന നടത്തും. ഹിസ്റ്റോപാത്തോളജി റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. തണ്ണിമത്തനാണോ വില്ലനായതെന്ന സംശയത്തിലാണ് അധികൃതർ.
കൊടുംചൂടിൽ പലരും ആശ്വാസം തേടുന്ന പഴവർഗമാണ് തണ്ണിമത്തൻ. ദാഹവും വിശപ്പമകറ്റാൻ ഇത് മികച്ചതാണ്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ തണ്ണിമത്തൻ ഉപഭോഗം 3.3 ദശലക്ഷം ടൺ ആണ്. അതേസമയം, തണ്ണിമത്തൻ കഴിച്ചതിനുശേഷം ബ്ളോട്ടിംഗ് അഥവാ വയറുവീർക്കൽ അനുഭവപ്പെടുന്നതായി പലരും അഭിപ്രായപ്പെടുന്നു. ഗ്യാസ് ട്രബിൾ, മലബന്ധം, അമിതമായ ഭക്ഷണം കഴിക്കൽ തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് ബ്ളോട്ടിംഗ് അനുഭവപ്പെടുന്നത്. ഒരു ചെറുഭക്ഷണം എന്ന രീതിയിലല്ലാതെ മുഴുഭക്ഷണമായി കഴിക്കുമ്പോഴാണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്.
വേനൽകാലത്താണ് തണ്ണിമത്തൻ ഉപഭോഗം വർദ്ധിക്കുന്നത്. വേനൽകാലത്ത് തണ്ണിമത്തൻ അധികമായി കഴിക്കുന്നത് ബ്ളോട്ടിംഗിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ശരീരത്തിൽ കൃത്യമായ താപനില നിലനിർത്താൻ കഴിയാത്തതിനാൽ വേനൽകാലത്ത് ദഹനപ്രക്രിയ വളരെ മന്ദഗതിയിലായിരിക്കും നടക്കുക. മാത്രമല്ല നിർജലീകരണവും ഈ സമയത്ത് സാധാരണമാണ്. ശരീരത്തിന് വെള്ളത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിനാൽ ജലാംശമുള്ള ഭക്ഷണങ്ങളും അല്ലാത്തവയും തമ്മിലെ ബാലൻസ് കൃത്യമായി പാലിക്കേണ്ടതുണ്ട്.
ശരീരത്തിൽ ദിനംപ്രതി നിശ്ചിത അളവിൽ ജലലഭ്യതയുണ്ടാകേണ്ടതുണ്ട്. ഇത് അവഗണിക്കുമ്പോൾ ചൂട് കുടലിന്റെ ചലനത്തെ ബാധിക്കുകയും എൻസൈം പ്രവർത്തനം ആമാശയത്തിൽ രൂപപ്പെടുന്ന വാതകത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിനുശേഷം ബ്ളോട്ടിംഗിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇവിടെയാണ് തണ്ണിമത്തൻ ഉപഭോഗത്തിൽ ശ്രദ്ധ നൽകേണ്ടത്.
ഉയർന്ന അളവിൽ ജലാംശം (90 ശതമാനത്തിൽ കൂടുതൽ) ഉള്ളതിനാൽ തണ്ണിമത്തൻ സാധാരണയായി ദഹിക്കാൻ എളുപ്പമാണ്. എന്നാൽ ഭക്ഷണത്തിന് തൊട്ടുപിന്നാലെ കഴിക്കുന്നത്, പ്രത്യേകിച്ച് കൊഴുപ്പും പ്രോട്ടീനുകളും ധാരാളമടങ്ങിയ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ചിലരിൽ ബ്ളോട്ടിംഗ് ഉണ്ടാകാൻ കാരണമാകുന്നു.
തണ്ണിമത്തനിലെ ഫ്രക്ടോസിന്റെ ഉയർന്ന അളവ് പ്രസക്തമായ ഒരു ഘടകമാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ ഫ്രക്ടോസ് മാലാബ്സോർപ്ഷൻ ഉള്ള രോഗികളിൽ ആഗിരണം ചെയ്യപ്പെടാത്ത ഫ്രക്ടോസ് വൻകുടലിൽ ഫെർമെന്റേഷന് വിധേയമാകുന്നു. ഇത് ഗ്യാസ്, വയറുവേദന, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു. തണ്ണിമത്തൻ പോലുള്ള പഴങ്ങൾക്ക് സങ്കീർണ്ണമായ ഭക്ഷണങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള ഗ്യാസ്ട്രിക് ട്രാൻസിറ്റ് സമയം ഉണ്ട്. പോഷകങ്ങൾ ധാരാളമടങ്ങിയ ഭക്ഷണവും തണ്ണിമത്തനും ഒരുമിച്ച് കഴിക്കുമ്പോൾ തണ്ണിമത്തന്റെ ദഹനത്തെ വൈകിപ്പിക്കുന്നു. ഇത് ബ്ളോട്ടിംഗ് വർദ്ധിപ്പിക്കും. അസിഡിറ്റി പ്രശ്നങ്ങളുള്ളവരും ആഹാരത്തിന് തൊട്ടുപിന്നാലെ തണ്ണിമത്തൻ കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.
തണ്ണിമത്തൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചെറിയ കഷ്ണങ്ങൾ കഴിക്കുക.
- ആഹാരത്തിന് തൊട്ടുപിന്നാലെ കഴിക്കുന്നത് ഒഴിവാക്കുക.
- ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തൊട്ടുപിന്നാലെ കഴിക്കുന്നത് ഒഴിവാക്കണം.
- കൂടുതൽ കഴിക്കുന്നത് ബ്ളോട്ടിംഗും അസിഡിറ്റിയും കൂട്ടും.
- തണ്ണിമത്തൻ മാത്രം കഴിക്കുക. മറ്റ് ഭക്ഷണങ്ങളോടൊപ്പം കൂട്ടിക്കലർത്തരുത്.
- പാലുത്പന്നങ്ങൾ, ഫ്രൈ ചെയ്ത് ഭക്ഷണങ്ങൾ എന്നിവയോടൊപ്പവും കഴിക്കരുത്.
- പതിയെ കഴിക്കുക.
- ഫ്രിഡ്‌ജിൽ നിന്ന് എടുത്തയുടനെ കഴിക്കരുത്.