ഡ്രൈവിംഗ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാറിടിച്ച് അപകടം; യുകെ സ്വദേശിനിക്ക് ദാരുണാന്ത്യം

Tuesday 28 April 2026 1:26 PM IST

ലണ്ടൻ: ഡ്രൈവിംഗ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാറിടിച്ച് യുകെ സ്വദേശിനിക്ക് ദാരുണാന്ത്യം. വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇംഗ്ളണ്ടിലെ ഗ്ലൗസസ്റ്ററിലാണ് സംഭവം നടന്നത്. യുവതി ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗ്ലൗസസ്റ്ററിലെ കെയർ ഹോം ജീവനക്കാരിയാണ് അപകടമുണ്ടാക്കിയ യുവതി. ഇവർക്ക് യുകെ ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലായതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകുന്നതെന്നാണ് വിവരം.

ഇതിനിടെ ഇംഗ്ളണ്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇംഗ്ളണ്ടിലെ ബെക്‌സിലിൽ താമസിച്ചിരുന്ന ബെൻഹർ ബെർണാഡ് (33) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ്. പഠനത്തിനായാണ് ഇംഗ്ലണ്ടിലെത്തിയത്.