ക്രെയിൻ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം,​ 12 പേർക്ക് പരിക്ക്

Tuesday 28 April 2026 4:07 PM IST

ഹൈദരാബാദ്: സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റിലെ ക്രെയിൻ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് സംഭവം. നാഗേന്ദ്ര മാത്തൂർ, അലി ഹുസൈൻ, സജിം, മുകേഷ് കുമാർ, സോനു എന്നിവരാണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ ഉച്ചതിരിഞ്ഞ് അപ്രതീക്ഷിതമായി പെയ്ത മഴയിൽ തൊഴിലാളികൾ ഒരു ഷെഡിനുള്ളിലേക്ക് ഓടിക്കയറി. കനത്ത കാറ്റിനെ തുടർന്ന് ഷെഡിന് സമീപത്തുണ്ടായിരുന്ന ക്രെയിൻ പൊട്ടി തൊഴിലാളികൾക്ക് മുകളിൽ വീഴുകയായിരുന്നു.മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.