"പ്രസവം കഴിഞ്ഞുള്ള വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ല,​ തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ ഈസി ആയിട്ട് തോന്നും"

Tuesday 28 April 2026 8:03 PM IST

പ്രസവത്തെ കുറിച്ച് ബിഗ് ബോസ് താരവും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ നടത്തിയ പരാമർശം വിവാദമായിരുന്നു. സ്ത്രീകൾ ഒരു കാലത്ത് കൂൾ ആയി ചെയ്തിരുന്ന കാര്യമാണ് പ്രസവം എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പിന്നാലെ പരാമർശത്തിൽ വിശദീകരണവുമായി താരം രംഗത്തെത്തി. ഇപ്പോഴിതാ പ്രസവത്തെ കുറിച്ച് നടി മഞ്ജു പത്രോസ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല എന്ന് മഞ്ജു പത്രോസ് പറയുന്നു. പ്രസവം കഴിഞ്ഞുള്ള ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അന്നത്തെക്കാലത്ത് അതൊക്കെ ഈസി ആയിരുന്നിരിക്കണം. കാരണം അന്നത്തെ ആരോഗ്യ നില അങ്ങനെയായിരുന്നു. അതുപോലെയല്ല ഇന്നത്തെ സാഹചര്യം. ഇന്ന് ജനിച്ച് വീഴുമ്പോൾ മുതൽ ഓരോ യന്ത്രത്തിലാണ് . ഞാൻ പേടിച്ച് പ്രസവം നിറുത്തിക്കളഞ്ഞ ആളാണെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

എന്റെ സിസേറിയൻ ആയിരുന്നു. ഗവ,​ ഹോസ്പിറ്റലിൽ ആയിരുന്നു. നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്. പക്ഷേ പ്രസവം കഴിഞ്ഞുള്ള ആ വേദനയില്ലേ അത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. പിറ്റേദിവസം ഡോക്ടർ വന്ന് നമ്മളെ നടത്തിക്കും. തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ ഈസി ആയിട്ട് പറയാം,​ ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായിട്ട് കാണാൻ പഠിക്കുക. പൊല്യൂഷൻ ഇല്ലാത്ത അന്തരീക്ഷം,​ മായമില്ലാത്ത ഭക്ഷണം,​ ഇതിലൂടെ കടന്നുവന്ന തലമുറയെയും നമ്മളെയുമാണ് താരതമ്യപ്പെടുത്തുന്നത്. എന്ത് വിഡ്ഢിത്തമാണിതെന്നും മഞ്ജു ചൂണ്ടിക്കാട്ടി.