അറിവിലൂടെയുള്ള ബോധോദയം
ശ്രീനാരായണ പരമഹംസന്റെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണതും ജഗത്തിന് ആധാരം ആയതും സാക്ഷിയായതും പ്രകാശ സ്വരൂപിണിയുമായ ജഗത് ജനനിയെ കുറിച്ച് 1908ൽ രചിച്ച അതിമനോഹരവും ലളിത കോമള പദാവലികളാൽ സമ്പന്നവുമായ ഒൻപത് രത്നങ്ങളുടെ കൂട്ടമാണ് ജനനി നവരത്ന മഞ്ജരി. പൊതുവേ ദേവീസ്തുതിയെന്ന് തോന്നുന്ന ഒരു കൃതിയാണിത്. സ്ഥിതപ്രജ്ഞനായ ഗുരു സ്വന്തം ഇഷ്ടപ്രകാരമാണ് ശിവഗിരിയിലെ ശാരദയെ പ്രതിഷ്ഠിച്ചത്- എന്ന് വിദ്വത് മതം. ഒരുപക്ഷേ ഭാരതത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് അന്വേഷിച്ചാലും ശിവഗിരിയിലെ ശാരദ ക്ഷേത്രത്തിന്റെ ശില്പമാതൃക കാണാൻ സാധിക്കില്ല. മരംകൊണ്ട് മനോഹര ശില്പ വേലകളാൽ അലംകൃതമായ ശ്രീകോവിലിലെ താമരയിലാണ് ശാരദാദേവി വിരാജിക്കുന്നത്. ശ്രീനാരായണപരമഹംസ ദേവന്റെ കൈവിരൽ പാട് ശാരദയെ ഉറപ്പിച്ചിരിക്കുന്ന ഭാഗത്ത് കാണാൻസാധിക്കും.
ഒരു കൈയിൽ ചിന്മുമുദ്ര. അതായത് ജീവാത്മ പരമാത്മ ഐക്യത്തിന്റെ മുദ്ര. ചൂണ്ടുവിരൽ ജീവാത്മാവിനെയും തള്ളവിരൽ പരമാത്മാവിനെയും ദ്യോതിപ്പിക്കുന്നു. വിരൽ അങ്ങനെ പിടിച്ചതുകൊണ്ടു മാത്രം നമ്മൾക്ക് അറിവ് ഉണ്ടാകണമെന്നില്ല. ഗുരുഉപദേശത്തിലൂടെ ലഭിക്കുന്നതാണ് ഈ അറിവിലൂടെയുള്ള ബോധോദയം. ആ പരമമായ തലത്തിലേക്ക് നാം ഓരോരുത്തരും ഉയർന്ന് ഉണരണം എന്ന് അമ്മ കാട്ടിത്തരുന്നു.
ഒരു കൈയിൽ വേദോപനിഷത്ത്. പ്രതിപാദിത മായാ ബ്രഹ്മവിദ്യ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥസ്ഥിതമായ വിദ്യ സ്വായത്തമാക്കണമെങ്കിൽ ഗുരുസേവയിലൂടെയും കർമ്മയോഗത്തിലൂടെയും വിനയവും ലാളിത്യവും അന്തർമുഖത്വവും കൈവരിച്ചു ഗുരുവിനെ പ്രസന്നനാക്കി അതിനുശേഷം ശരിയായ രീതിയിൽ ചോദിച്ചു മനസിലാക്കണം എന്ന് ബ്രഹ്മവിദ്യാപഞ്ചത്തിലൂടെ ഗുരു പറയുന്നു.
ഞാൻ എന്ന ഭാവമുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല സർവതന്ത്ര സ്വതന്ത്രമായ ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യ. ഈ ആത്മവിദ്യയിലൂടെ ഒരു മുമുക്ഷു എത്തിച്ചേരുന്നത് ആത്മസാക്ഷാത്കാരത്തിലേക്കാണ്. അഥവാ അവനവനിലേക്ക്. അത് അമൃതത്വമാണ്. ആ അമൃതാണ് മറ്റൊരു കൈയിൽ പിടിച്ചിരിക്കുന്ന അമൃത കുംഭം. അമൃത് ഭക്ഷിക്കുമ്പോൾ മരണം ഇല്ലാതാകുന്നു എന്നാണല്ലോ പഴഞ്ചൊല്ല്. ഇത് ഓരോരുത്തരുടെയും ഉള്ളിൽ സംഭവിക്കുന്നതാണ്, സംഭവിക്കേണ്ടതുമാണ്.
മറ്റൊരു കൈയിൽ ഒരു പക്ഷിയുണ്ട്. ഉപനിഷത്ത് പ്രതിപാദിതമായ പക്ഷിയാണ് സാക്ഷി ഭാവത്തിൽ ഇരിക്കുന്നത്. ഗുരുവിന്റെ മറ്റ് ദേവതാ പ്രതിഷ്ഠകളിൽ നിന്നും വ്യത്യസ്തമായി നിവേദ്യങ്ങൾ വേണ്ടാത്ത അഭിഷേകങ്ങളോ എഴുന്നള്ളിപ്പുകളോ മറ്റ് ആചാര അനുഷ്ഠാനങ്ങളുമൊന്നും ആവശ്യമില്ലാത്ത പരബ്രഹ്മ സ്വരൂപിണിയായ ശാരദ. ശാരദയോട് പ്രാർത്ഥിച്ചാൽ മതി എന്നുള്ള ഗുരുവിന്റെ ആജ്ഞ നാം ശിരസാവഹിക്കേണ്ടതാണെന്ന അവബോധം വരുംതലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാരദ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ പഠന ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. താമസ ഭാവത്തിൽ നിന്നും രാജസ ഭാവത്തിലേക്കും രജസിൽനിന്നും സത്വത്തിലേക്കും ജീവന്റെ ഗതി മാറ്റേണ്ടതുണ്ട്.
ജനനി നവരത്ന മഞ്ജരി പാരായണം
സത്യം പ്രകാശിക്കുമ്പോഴാണ് ശാസ്ത്രത്തിലും ഗുരുവാക്യത്തിലും സത്യബുദ്ധി ഉണ്ടാകുന്നത്. ഇതു കൈവന്നാലേ ശ്രദ്ധയെന്ന അതിപ്രധാനമായ ഗുണം ഒരാളിൽ വിരിയൂ. ആ ശ്രദ്ധയുള്ളവനേ ജ്ഞാനം ലഭിക്കൂ. ഏപ്രിൽ 30ന് അരുവിപ്പുറം ക്ഷേത്രം മഠത്തിൽ രാവിലെ മുതൽ വൈകിട്ടുവരെ ജനനി നവരത്ന മഞ്ജരിയുടെ ശ്രദ്ധയോടെയുള്ള പാരായണം സംഘടിപ്പിച്ചിരിക്കുന്നു. ഗുരുവിന്റെ നിത്യസാന്നിദ്ധ്യമുള്ള അരുവിപ്പുറം മഠത്തിൽ ഓരോ ഭക്തർക്കും ശ്രദ്ധയോടെ ചൊല്ലുവാനുള്ള അവസരമൊരുക്കുന്നു.
കാമ ക്രോധ ലോഭ-മദ-മത്സരങ്ങൾ ഇല്ലായ്മ ചെയ്യുവാൻ ജനനി നവരത്ന മഞ്ജരിയുടെ പാരായണ യജ്ഞം നമ്മെ സഹായിക്കും. ഇതൊരു ഉപാസനയാണ്. മേയ് ഒന്ന് മേടമാസത്തിലെ പൗർണമിയാണ്. ഭഗവാൻ ശാരദയെ പ്രതിഷ്ഠിച്ചത് അന്നാണ്. നമ്മൾ നമ്മുടെ ഹൃദയത്തെ, മനസിനെ ശുദ്ധമാക്കി ഹൃദയത്തിൽ ആ പ്രകാശ സ്വരൂപിണിയെ പ്രതിഷ്ഠിക്കുക. നമ്മുടെ ഹൃദയത്തിൽ എല്ലാത്തിനെയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിലമതിക്കാൻ പറ്റാത്ത ദീപം, ദിവ്യ തേജസ് ഈ ശാരദയാണെന്ന് തിരിച്ചറിഞ്ഞ് ജന്മം കൃതകൃത്യമാക്കുവാൻ ശ്രമിക്കുക.
ഇത്തരം ഒരു സാധനാ അനുഷ്ഠാന സംരംഭം ആദ്യമായാണ് അരുവിപ്പുറത്ത് സംഘടിപ്പിക്കുന്നത്.