പാലോട് മേഖലയിൽ കുടിവെള്ളമില്ല

Wednesday 29 April 2026 12:51 AM IST

പാലോട്: വേനൽ ശക്തിയാർജ്ജിച്ചതോടെ ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. തോടുകളും ആറുകളും വറ്റിത്തുടങ്ങി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയാണ്. മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് കൂടുതലായും കുടിവെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മാലിന്യവാഹിനിയായി നദികൾ

പ്ലാസ്റ്റിക്, അറവുമാലിന്യങ്ങൾ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായിരിക്കുകയാണ്. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നതും വാമനപുരം നദിയിൽ നിന്നാണ്. ഈ ജലത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്.

കുടിവെള്ളം കിട്ടാക്കനിയാവുന്നത് ഇവിടെയെല്ലാം

നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ, ഓട്ടുപാലം, പച്ച കാലൻകാവ്, നാഗര, വാഴപ്പാറ, വട്ടപ്പൻകാട്, കള്ളിപ്പാറ, ആനകുളം, നളന്ദ, പാലുവള്ളി, വെമ്പ്, കുറുപുഴ, ഒൻപത് ഏക്കർ കോളനി, വട്ടപ്പൻകാട്, താന്നിമൂട്, ആശാരിവിളാകം, പനച്ചക്കുന്ന്, വാഴപ്പാറ, ദൈവപ്പുര, കട്ടക്കാൽ,പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം. പെരിങ്ങമ്മല പഞ്ചായത്തിൽ ഇടവം ഏല,കോളച്ചൽ, കൊന്നനമൂട്, മുത്തിക്കാണി, ഇയ്യക്കോട്, കല്ലണ, കൊച്ചുവിള കുണ്ടാളം കുഴി,മാന്തുരുത്തി,പാറക്കോണം,ഞാറനീലി,ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺകോട്, വട്ടക്കരിക്കകം

ആശ്രയം പൈപ്പ് വെള്ളം

ഗ്രാമീണ മേഖലയിലെ മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. പാറനിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർവെള്ളം ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകളോളം കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശവാസികൾക്ക് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.