സൂര്യയുടെ ഉത്സവ വിരുന്നായി കറുപ്പ്‌ ഓഡിയോ ലോഞ്ച്

Wednesday 29 April 2026 6:56 AM IST

ആരാധകരുടെ ആവേശത്തിരയിൽ ആർ .ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് ആഘോഷമായി നടന്നു. മധുര സോളമലൈ എൻജിനിയറിംഗ് കോളേജിൽ നടന്ന ചടങ്ങ്, സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ വ്യക്തമാക്കി. വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവച്ചു, “28 വർഷമായി എന്നെ ഹീറോയാക്കി നിലനിറുത്തുന്നത് ഈ സ്നേഹമാണ്” എന്ന് പറഞ്ഞു. ചിത്രത്തിൽ താനല്ല, കറുപ്പു സ്വാമിയാണ് യഥാർത്ഥ നായകൻ എന്നും പറഞ്ഞു. സംവിധായകൻ ആർ. ജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകൻ സായ് അഭ്യങ്കറിന്റെ പ്രതിഭയെയും പ്രശംസിച്ചു. തൃഷ , ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടുന്ന താരങ്ങളുടെ പ്രകടനങ്ങളും പ്രധാന ആകർഷണങ്ങളായിരിക്കും . സംവിധായകൻ ആർ.ജെ ബാലാജി രണ്ട് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കറുപ്പ് ഒരുക്കിയതെന്ന് പറഞ്ഞപ്പോൾ, ഈ ചിത്രം ഒരു വലിയ ദൃശ്യ-സംഗീതാനുഭവമാകുമെന്ന് സംഗീതസംവിധായകൻ സായ് അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിർമ്മാതാവ് എസ്. ആർ പ്രഭു ഉൾപ്പെടെ ടീമംഗങ്ങൾ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനൽകി. മേയ് 14ന് തിയേറ്ററുകളിൽ എത്തുന്ന കറുപ്പ്, തമിഴ് സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് . പി .ആർ. ഒ : പ്രതീഷ് ശേഖർ.