ബുക്കിംഗിൽ റെക്കോർഡിട്ട് പേട്രിയറ്റ്, ആദ്യ 42 മിനിറ്റിൽ 50 ലക്ഷം കടന്നു
മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്രിയറ്റ് അഡ്വാൻസ് ബുക്കിംഗിലും റെക്കോർഡ്. രാവിലെ 9ന് ബുക്കിംഗ് ആരംഭിച്ച് ആദ്യ 42 മിനിറ്റിൽ കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം എന്ന സംഖ്യ കടന്നു. 45 മിനിറ്റിൽ 55.68 ലക്ഷത്തിലേക്ക് എത്തി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 3.50 കോടി നേടുമെന്നാണ് റിപ്പോർട്ട്.ആദ്യ ദിനം ആഗോള കളക്ഷൻ 10 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതേസമയം പേട്രിയറ്റ് പ്രൊമോഷൻ ചിത്രങ്ങൾ വൈറലായി. മമ്മൂട്ടി, രേവതി, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരാണ് ചിത്രങ്ങളിൽ ഇടംപിടിച്ചത്. എല്ലാവരും ഒരുമിച്ചുള്ള കാൻഡിഡ് മൊമന്റുകളാണ് ശ്രദ്ധ നേടുന്നത്. അറിയിപ്പിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽ കുമാറും ചേർന്നാണ് നിർമ്മാണം. മേയ് 1ന് ലോകവ്യാപകമായി റിലീസ് ചെയ്യും.