കീഴടങ്ങി കുറ്റമേറ്റു തെറ്റ് പറ്റിപോയി ഇത്തിരി വെള്ളം താ....
നെടുങ്കണ്ടം: പച്ചടി ഇരട്ട കൊലപാതക്കേസിൽ ഒളിവിലായിരുന്ന സജി രണ്ട് നാൾ കഴിഞ്ഞത് പാറയിടുക്കിൽ. കഠിനചൂടും ഭക്ഷണയില്ലായ്മയും കീഴടങ്ങാൻ പ്രേരണയായി. അമ്മയും സഹോദരനും കാണാനില്ലന്ന സഹോദരിയുടെ പരാതി അന്വേഷണിക്കാൻ പൊലീസ് ഞായറാഴ്ച എത്തിയപ്പോൾ തന്നെ സജി ഓടി മറഞ്ഞത് വീടിന് സമീപത്തെ കൊടും കാടിനുള്ളിലേക്കായിരുന്നു. പിന്നീട് സമീപത്തെ പാറയിടുക്കിൽ അഭയം പ്രാപിച്ചു. ഓടുന്നതിനിടയിൽ കൈയിൽ കരുതിയ പഴങ്ങളും വസ്ത്രങ്ങളുമടങ്ങിയ ബാഗും നഷ്ടപ്പെട്ടിരുന്നു. പാറയിടുക്കിൽ അഭയം പ്രാപിച്ചതോടെ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലും സജിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തെരച്ചിൽ ഊർജിതമാക്കിയതോടെ പാറയിടുക്കിൽ നിന്ന് സജിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കടുത്ത ചൂടും കൂടിയായപ്പോൾ വെള്ളവും ഭക്ഷണവുമില്ലാതെ സജി അവശനായി. ഇതിനിടെ പൊലീസ് മേഖലയിൽ ഡ്രോൺ കൂടി പറഞ്ഞിയതോടെ രക്ഷപെടാൻ മാർഗ്ഗമില്ലെന്ന് മനസിലാക്കിയ സജി ഇന്നലെ ഉച്ചയോടെ കാടിറങ്ങി വരികയായിരുന്നു. വന്ന വഴിയിൽ സമീപത്തെ കടയിലെ വ്യാപാരി ലില്ലിക്കുട്ടിയോട് വെള്ളം വേണമെന്നും തെറ്റ് പറ്റിപോയി കീഴടങ്ങാൻ പോകുകയാണന്നും പറഞ്ഞു. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് കീഴടക്കിയത്. രണ്ട് ദിവസം വനത്തിൽ കഴിഞ്ഞതിനാൽ സജിയ്ക്ക് ആരോഗ്യ പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തിയ ശേഷം നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ കട്ടപ്പന ഡിവൈ.എസ്.പി ഷാജൻ, നെടുങ്കണ്ടം എസ്.എച്ച്.ഒ കെ.എൽ. തോമസ് എന്നിവർ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ഏറ്റു പറഞ്ഞു. തുടർന്ന് സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരും.
തിങ്കളാഴ്ചയാണ് മേരിയുടെ വീടിന് മുമ്പിൽ നിന്ന് മണ്ണിൽ ഒരടിയോളം താഴെ ജീർണിച്ച നിലയിലുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം സംശയിക്കുന്ന മൃതദേഹഭാഗങ്ങൾ പൂർണമായി ജീർണിച്ച നിലയിലായിരുന്നു. രണ്ടു വർഷമായി പക്ഷാഘാതത്തിൽ തളർന്നുകിടന്ന മേരിയെ തേനിയെ ആശുപത്രിയിൽ കൊണ്ടുപോയെന്നും സഹോദരൻ ജോലിക്കായി ബന്ധുവീട്ടിൽ പോയെന്നുമാണെന്നാണ് പറഞ്ഞിരുന്നത്. ഏപ്രിൽ 10 മുതൽ മേരിയെയും ബൈക്ക് ഓപ്പറേറ്ററായ റെജിയെയും കാണാതായത്. അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി മാവടിയിലുള്ള സഹോദരി സിനി നൽകിയ പരാതിയാണ് കേസിന് വഴിത്തിരിവായത്. അന്വേഷിക്കാനെത്തിയ പൊലീസിനെ കണ്ട് സജി ഓടി രക്ഷപ്പെടുകയും നാടുവിടാൻ കൈയിൽ കരുതിയ ബാഗ് അടുത്ത പുരയിടത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടുകാർ ഇവരുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ മനുഷ്യന്റെ വലതുകാൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.