ഇന്ധനവില വർദ്ധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

Tuesday 28 April 2026 9:32 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇപ്പോൾ വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ആഗോള വിപണിയിലെ മാറ്റങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും നിലവിൽ ഇന്ധനവില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് അന്തർ മന്ത്രാലയ യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണ്. വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സുജാത ശർമ്മ പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധി ക്രൂഡ് ഓയിൽ, എൽപിജി, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് എന്നിവയുടെ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ തടസമില്ലാതെ വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി, പിഎൻജി വിതരണവും ഗതാഗതത്തിനുള്ള സിഎൻജി വിതരണവും 100ശതമാനവും ഉറപ്പാക്കിയിട്ടുണ്ട്. കൊമേഴ്ഷ്യൽ എൽപിജി വിതരണം ഭാഗികമായി തടസപ്പെട്ടെങ്കിലും ഇപ്പോൾ 70 ശതമാനത്തോളം പുനഃസ്ഥാപിച്ചു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, കാർഷിക മേഖല എന്നിവയ്ക്ക് വിതരണത്തിൽ തടസം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിതരണം ഏകദേശം ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീർണമായി തുടരുന്നതിനാൽ ഇന്ധന വിപണിയിലെ ഓരോ ചലനവും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും വിതരണത്തിൽ സ്ഥിരത നിലനിർത്താനാണ് മുൻഗണനയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.