റീൽ മാജിക്കുമായി  ആറു വയസുകാരി ഇവ 

Tuesday 28 April 2026 9:44 PM IST

കാസർകോട്: മനസ്സിലെ ആശയങ്ങൾക്ക് നിമിഷനേരം കൊണ്ട് നൃത്തചുവടുകളും അഭിനയത്തികവും നൽകി റീൽ സൃഷ്ടിക്കുന്ന കാസർകോട് ബങ്കളത്തെ ആറു വയസുകാരി ഇവ അനിൽ സോഷ്യൽ മീഡിയയിലെ 'സൂപ്പർ വൈറൽ' താരം.

മുരുകനെ പ്രകീർത്തിച്ചുകൊണ്ടുള്ള 'തങ്ക വടിവേൽ..' ഗാനത്തിന്റെ അകമ്പടിയിൽ ചിട്ടപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിന് റീച്ച് ഒരു മില്യൺ കടന്നു. ഡ്രാമ, ഡാൻസ്, ഭരതനാട്യം തുടങ്ങിയ റീൽസിന് ഓരോന്നിനും അര ലക്ഷം മുതൽ 10 ലക്ഷം വരെ ഫോളോവേഴ്സ് ഉണ്ട്. അര മിനിട്ട് മുതൽ ഒരു മിനിട്ട് വരെ ദൈർഘ്യമുള്ള 30ഓളം റീൽസ് സ്വന്തമായി നിർമ്മിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. സി കേരളയിലെ ഡ്രാമ ജൂനിയർ സീസൺ -2 ൽ മിന്നുകയാണ് ഇപ്പോൾ.

ചേച്ചി ഡാൻസ് പഠിക്കുമ്പോൾ

പുറത്ത് കേട്ടിരുന്നു പഠിച്ചു

ബങ്കളത്തെ പ്രവാസി വി.വി അനിൽകുമാറിന്റെയും പയ്യന്നൂർ സഹകരണ സൊസൈറ്റി ജീവനക്കാരി സജിനിയുടെയും മകളാണ് ഇവ. ചേച്ചി ഇഗയെ മുത്തശ്ശി പ്രേമ നൃത്തം പഠിപ്പിക്കാൻ നീലേശ്വരത്തെ രാജു മാസ്റ്ററുടെ നൂപുരധ്വനി നൃത്തവിദ്യാലയത്തിൽ കൊണ്ടുപോകുമായിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ ആ സമയം ഇവയും കൂടെചെല്ലും. ചേച്ചി നൃത്തം പഠിക്കുമ്പോൾ പുറത്തെ ബെഞ്ചിലിരുന്ന് അനുജത്തി താളം പിടിക്കും. ഇതു തിരിച്ചറിഞ്ഞ നൃത്താദ്ധ്യാപകൻ ക്ലാസിൽ ഉൾപ്പെടുത്തി നൃത്തം അഭ്യസിപ്പിച്ചു. മൂന്നാം വയസിൽ ഭരതനാട്യം പഠിച്ചു. അഞ്ചാമത്തെ വയസിൽ അരങ്ങേറ്റം. ബന്ധുവും മംഗളൂരുവിലെ ബി.ഡി.എസ് വിദ്യാർത്ഥിയുമായ അനുശ്രീയുടെ പ്രേരണയിലാണ് റീൽസ് മോഹം ഉദിച്ചത്. അനുശ്രീയുടെ സഹായത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്

ഇവയെ സിനിമയിലെടുക്കും

ആരായി തീരണം എന്നതിൽ വ്യക്തമായ ധാരണയുണ്ട് ഈ കുഞ്ഞു കലാകാരിക്ക്. നർത്തകിയാകണമെന്നതാണ് ആദ്യത്തെ പ്ലാൻ. കാവ്യാമാധവന്റെ പിന്മുറക്കാരിയായി നീലേശ്വരത്ത് നിന്ന് സിനിമയിൽ എത്തണമെന്നതാണ് മറ്റൊരു മോഹം. കൊച്ചിയിലെ ഒരു സിനിമ കമ്പനിക്ക് ഇവയുടെ കഴിവുകൾ ഇഷ്ടപ്പെട്ടിട്ടുണ്ട്. തെലുങ്ക് സിനിമയിൽ നിന്നു ഓഫർ വന്നിട്ടുണ്ട്. ഡ്രാമ സീസൺ റെക്കോർഡ് ആയതിനാൽ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ല. ഒത്തുവന്നാൽ അടുത്തുതന്നെ ഇവയുടെ മോഹം പൂവണിയും.