സേഫ് ആണോ കുപ്പിവെള്ളം വെയിലത്തിട്ട് വിൽക്കരുത്

Tuesday 28 April 2026 9:47 PM IST

കണ്ണൂർ: നാട്ടിലെ കനത്ത വെയിലിൽ പുറത്തിറങ്ങി നടന്നാൽ ആവി പറക്കുന്ന അനുഭവമാണ്. കനത്ത വേനൽക്കാലമായതിനാൽ വെള്ളം ഒരോ 10 മിനിട്ട് ഇടവേളകളിൽ കുടിക്കണമെന്ന് പറയുമ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കടകളിൽ നിന്ന് വാങ്ങി കുടിക്കുന്ന കുപ്പിവെള്ളമാണ്. എല്ലാ കുപ്പിവെള്ളവും സേഫാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കുപ്പിവെള്ളം സൂക്ഷിക്കുന്നതിനും വിതരണത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.കുപ്പിവെള്ളത്തിൽ ഐ.എസ്‌.ഐ മുദ്ര‌യുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചില്ലെന്നും ഉറപ്പാക്കണം.വലിയ കാനുകളിലെ കുടിവെള്ളത്തിനും സീൽ ഉണ്ടെന്ന് ഉറപ്പാക്കണം.

വെയിൽ ഏൽക്കാൻ പാടില്ലെന്ന നിർദ്ദേശം കുപ്പിവെള്ളത്തിന്റെ സ്റ്റിക്കറിൽ തന്നെ ഉണ്ട്. എന്നാൽ നാട്ടിലെ മിക്ക വ്യാപാരികളും വെയിലത്താണ് കുപ്പിവെള്ളം വെക്കുന്നത്. ഇത്തരം വെള്ളം വാങ്ങി കുടിക്കുന്നത് ആരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം. വെയിലേൽക്കുമ്പോൾ കെമിക്കൽ ലീക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും കൊണ്ടുപോകരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശവും പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്.

കണ്ണൂർ കാൾടെക്സിലടക്കം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അലക്ഷ്യമായി കുപ്പിവെള്ളം വില്പനയ്ക്ക് വെക്കാറുണ്ട്. കയറ് കൊണ്ട് കെട്ടിത്തൂക്കി വെയിലേൽക്കുന്ന വിധത്തിലാണ് കണ്ണൂർ നഗരത്തിലും ജില്ലയിലെ വിവിധയിടങ്ങളിലെ കുപ്പിവെള്ള വില്പന.

വാഹനങ്ങളിലെ വിതരണത്തിനും ശ്രദ്ധ വേണം

ചൂട് കനത്തതിനാല് വാഹനങ്ങളിൽ പ്ലാസ്റ്റിക് കാൻ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം. ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്ന ടാങ്കുകൾ ഫുഡ്‌ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം. കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ അംഗീകൃത സാനിറ്റൈസറുകൾ ഉപയോഗിച്ച് ടാങ്കുകൾ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നുമാണ് നിർദ്ദേശം.

കുടിവെള്ളം അപകടസാദ്ധ്യതയുള്ള ഭക്ഷ്യവിഭാഗം ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളത്തെ അപകടസാദ്ധ്യതയുള്ള ഭക്ഷണവിഭാഗമായി എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2024 നവംബർ 29ന് പ്രഖ്യാപിച്ചിരുന്നു. ഉത്പന്നത്തിന്റെ മോശം പാക്കേജിംഗ്, ഉയർന്ന മലിനീകരണതോത്, മോശം സ്‌റ്റോറേജിംഗ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാഗങ്ങളിൽ പെടുന്ന ഉത്പന്നങ്ങളെയാണ് ഹൈറിസ്‌ക് ഭക്ഷണവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ചമാംസം, മത്സ്യം, പാൽ ഉത്പന്നങ്ങൾ, കട്ട് ചെയ്തുവച്ച പഴം,പച്ചക്കറി, റെഡി ടു ഈറ്റ് ഫുഡ്സ്, സലാഡുകൾ,ജ്യൂസുകൾ, ശീതളപാനീയങ്ങൾ എന്നിവയും ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നു.