റസൽ മുമ്പും കൈവിലങ്ങുമായി രക്ഷപ്പെട്ടു; അന്ന് പിടിയിലായത് അരമണിക്കൂറിനകം
കൊച്ചി: മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കടന്ന കസ്റ്റഡിപ്രതി റസൽ മുഹമ്മദ് (20) മുമ്പും കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കുറ്റവാളി. അന്ന് അരമണിക്കൂറിനകം റസലിനെ പൊലീസ് കണ്ടെത്തിയത് കൈവിലങ്ങ് അഴിച്ചുമാറ്റിയ നിലയിൽ.
മാവേലിക്കര പൊലീസ് സ്റ്റേഷനിൽ രണ്ടുകൊല്ലം മുമ്പായിരുന്നു സംഭവം. മുക്കുപണ്ട പണയത്തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. തുടർന്ന് മാവേലിക്കര പൊലീസ് സ്റ്റേഷനിൽനിന്ന് ഒരുകൈയിൽ വിലങ്ങുമായി പാറാവുകാരന്റെ കണ്ണുവെട്ടിച്ചാണ് ഓടിയത്. പിന്നാലെ പാഞ്ഞ പൊലീസ് സംഘം അരമണിക്കൂറിനകം റസലിനെ കണ്ടെത്തിയപ്പോൾ കൈവിലങ്ങ് ഉണ്ടായിരുന്നില്ല. സ്വയം ഊരിക്കളഞ്ഞെന്നായിരുന്നു കുറ്റസമ്മതമൊഴി.
ഞായറാഴ്ച രാത്രി കവർച്ചക്കേസിൽ എറണാകുളം മജിസ്ട്രേട്ടിന്റെ പറവൂരിലെ വീടിന് മുന്നിൽനിന്ന് ഒരു കൈയിൽ വിലങ്ങുമായി ഓടിയശേഷവും സ്വയം ഊരിമാറ്റിയതായി പൊലീസ് അനുമാനിക്കുന്നു. കൊച്ചി പൊലീസും വടക്കൻപറവൂർ പൊലീസും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റസലിനായി അന്വേഷണം തുടരുന്നു. ഇന്നലെ രാത്രി 10വരെ കണ്ടെത്താനായിട്ടില്ല. ബൈക്ക് മോഷണം, കവർച്ച ഉൾപ്പെടെ 5 കേസുകളിൽ പ്രതിയായ
റസലിന് ഹൈദരാബാദ്, ഡൽഹി നഗരങ്ങളിൽ ബന്ധങ്ങളുള്ളതായി പൊലീസിന് വിവരം ലഭിച്ചു. മുമ്പ് ഹൈദരാബാദിൽ ഏതാനുംമാസം തങ്ങിയിട്ടുണ്ട്. ഇവിടെയെത്താനുള്ള സാദ്ധ്യത പൊലീസ് പരിശോധിക്കുന്നു. എറണാകുളം നഗരത്തിലും തെരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ ഔദ്യോഗികമായി തെരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചു.