ഡിജിറ്റൽ സർവേയിൽ പണിയുണ്ട്, ശമ്പളമില്ല അളന്നുതീരാതെ ദുരിതം!

Wednesday 29 April 2026 12:00 AM IST

തൃശൂർ: കത്തുന്ന വേനൽച്ചൂടിനെ അവഗണിച്ച് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ ഡിജിറ്റൽ സർവേ താത്കാലിക ജീവനക്കാർ ദുരിതത്തിൽ. സർവേയർമാർ, ഹെൽപ്പർമാർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം ജീവനക്കാർക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയത്. വകുപ്പിലെ സ്ഥിരം ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ്, ഫീൽഡിൽ നേരിട്ടിറങ്ങി കഷ്ടപ്പെടുന്ന താത്കാലികക്കാർക്ക് അവഗണന. മാർച്ച് മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഏപ്രിൽ അവസാനിക്കാറായിട്ടും ശമ്പള കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ അധികൃതർക്കാകുന്നില്ലെന്ന് ഇവർ പറയുന്നു. 'ഫണ്ടില്ല' എന്ന സാങ്കേതിക കാരണമാണ് ഉദ്യോഗസ്ഥർ നിരത്തുന്നത്.

സർവേ നടപടികൾ നാലാംഘട്ടത്തിൽ

ജില്ലയിൽ നാലാം ഘട്ടത്തിലാണ് ഡിജിറ്റൽ സർവേ. ആദ്യഘട്ടത്തിൽ 22ഉം രണ്ടും മൂന്നും ഘട്ടങ്ങളിൽ 23 വില്ലേജുകൾ വീതമാണ് സർവേക്കായി തെരഞ്ഞെടുത്തിരുന്നത്. നാലാം ഘട്ടത്തിൽ 26 എണ്ണമാണുള്ളത്. ആദ്യ മൂന്നു ഘട്ടങ്ങളിലെയും പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കുറച്ച് വില്ലേജുകൾ മാത്രമാണ് സമ്പൂർണമായി പൂർത്തികരിച്ചത്. സർവേ നടത്തിയാലും പൊതുജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചശേഷമാണ് സമ്പൂർണ ഡിജിറ്റർ സർവ്വേ പ്രഖ്യാപിക്കൂ.

ചുട്ടുപൊള്ളി സർവ്വേ

  • ചുട്ടുപൊള്ളുന്ന വെയിലത്ത് പാടത്തും കുന്നുകളിലും കിലോമീറ്ററുകളോളം നടന്നാണ് സർവ്വേ നടപടികൾ പൂർത്തിയാക്കുന്നത്.
  • നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും വനിതകളാണ്. 40 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്ത് ജോലിക്ക് എത്തേണ്ടവർക്ക് ബസ് ചാർജിന് പോലും വകയില്ല
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കാലാവധി കഴിഞ്ഞ നൂറോളം പേരുടെ കരാർ പുതുക്കാനായിട്ടില്ല. ഇവർക്ക് നിലവിൽ തൊഴിലില്ലാത്ത അവസ്ഥയാണ്. വോട്ടെണ്ണലിന് ശേഷമേ ഇതിന് തീരുമാനം ഉണ്ടാകൂ.