വോട്ടെണ്ണലിന് അഞ്ചുനാൾ വിധിയെഴുത്തിന് 'കാത്തിരിപ്പ്'
തൃശൂർ : പൂരലഹരിയിൽ നിന്ന് തൃശൂർ ഇനി വോട്ടെണ്ണൽ ആവേശത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ഇനി അഞ്ച് ദിവസം മാത്രം. മേയ് നാലിന് വോട്ടെണ്ണൽ നടക്കുമ്പോൾ ജില്ല ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷ യിലാണ് മുന്നണികൾ. കഴിഞ്ഞ രണ്ട് തവണയും എൽ.ഡി.എഫിന്റെ സർവ്വാധിപത്യമായിരുന്നു. നാലോ അഞ്ചോ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടന്നതായാണ് വിലയിരുത്തൽ. ഇതിൽ തൃശൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളാണ് നിർണായകം. അതോടൊപ്പം മന്ത്രി കെ.രാജൻ മത്സരിച്ച ഒല്ലൂരും സംസ്ഥാന തലത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമാണ്. 2016ലും 2021ലും ഓരോ സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണത്തെ അത്ര വലിയ നേട്ടം ഇത്തവണ ഉണ്ടാകില്ലെന്ന സൂചനകൾ ഇടതു കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. മൂന്നാം തുടർഭരണമെന്ന ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർവസന്നാഹങ്ങളും ഉപയോഗിപ്പോൾ, ജില്ല തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം, തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുമായി എൻ.ഡി.എയും സജീവമാണ്.
എക്‌സിറ്റ് പോൾ ഇന്ന് മുതൽ
രാജ്യത്തെ വിവിധ ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം പൂർത്തിയാകുന്നതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. എക്‌സിറ്റ് പോളുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് പൂർണ്ണ വിശ്വാസമില്ലെങ്കിലും, ഒരു ഏകദേശ ചിത്രം ലഭിക്കുമെന്നത് പ്രവർത്തകരുടെയും ആകാംക്ഷ വർദ്ധിപ്പിക്കുന്നു. ഇന്നലെ ബി.ജെ.പി എറണാകുളം മുതൽ കാസർകോട് വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും പ്രഭാരിമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ചേർന്നു. തൃശൂർ ഉൾപ്പെടെ വിജയ പ്രതീക്ഷ പങ്കുവച്ചാണ് പിരിഞ്ഞത്. ഇന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം തൃശൂരിൽ ചേരും. അവസാന വട്ട വിലയിരുത്തലുത്തലുകൾക്കായി എൽ.ഡി.എഫ് യോഗവും അടുത്ത ദിവസം ചേരും.
വോട്ടെണ്ണൽ ക്രമീകരണം
മേയ് നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്. ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം ഇന്നും രണ്ടാംഘട്ട പരിശീലനം മേയ് രണ്ടിനും കളക്ടറേറ്റിലെ പ്ലാനിംഗ് ഹാൾ, എക്‌സിക്യൂട്ടീവ് ഹാൾ, ഐ.എൽ.ഡി.എം ഹാൾ, അനക്‌സ് ഹാൾ എന്നിവിടങ്ങളിലായി നടക്കും. മതിയായ കാരണം ബോധിപ്പിക്കാതെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.