മിക്ക വിമാനക്കമ്പനികളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍; കേന്ദ്രം ഉടനെ ഇടപെടണമെന്ന് ആവശ്യം

Tuesday 28 April 2026 10:04 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ മിക്കവാറും എല്ലാ വിമാനക്കമ്പനികളും പ്രതിസന്ധി നേരിടുകയാണെന്ന് കേന്ദ്രത്തിന് കത്ത്. വര്‍ദ്ധിച്ച് വരുന്ന പ്രവര്‍ത്തന ചെലവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യുവലിന്റെ വില കുത്തനെ ഉയര്‍ന്നതോടെ വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. അധികകാലം ഈ നഷ്ടം സഹിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് എഫ്‌ഐഎ അഭിപ്രായപ്പെടുന്നത്.

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരികയോ ചെയ്യേണ്ടിവരുമെന്ന് കേന്ദ്രത്തിന് അയച്ച കത്തില്‍ സംഘടന വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളെല്ലാം ഈ സംഘടനയില്‍ അംഗങ്ങളാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകളെ കാര്യമായി ബാധിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്.

ഇന്ത്യയിലെ വിമാനക്കമ്പനികളെ സംബന്ധിച്ച് ഗള്‍ഫിലേക്ക് വലിയ സര്‍വീസ് ശൃംഖല തന്നെയുണ്ട്. കമ്പനികള്‍ക്ക് വരുന്ന ഭൂരിഭാഗം ചെലവും ഇന്ധനത്തിന് വേണ്ടിയാണ്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏറെ വരുമാനം നേടിക്കൊടുത്തിരുന്ന ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടത് വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ കടുത്ത നഷ്ടം സഹിച്ചാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ പ്രതീക്ഷിക്കുകയാണ് കമ്പനികള്‍.