ഇസ്‌ലാമിക് ബിരുദത്തിൽ ഒരു പതിറ്റാണ്ടായി സംസ്‌കൃതം !
തൃശൂർ: അറബി പാഠങ്ങൾക്കൊപ്പം മഹാഭാരതത്തിലെയും രാമായണത്തിലെയും സംസ്‌കൃത ധ്യാനശ്‌ളോകങ്ങൾ. ഒരു പതിറ്റാണ്ടിലേറെയായി തൃശൂർ ശക്തൻ നഗറിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള അക്കാഡമി ഒഫ് ശരിഅ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലാണ് (അസാസ്) ഇസ്ളാമിക് പി.ജി പഠനത്തിൽ സംസ്കൃതവും വിഷയമാകുന്നത്.
പ്ലസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ ചേർത്ത് എട്ട് വർഷത്തെ ഇസ്‌ലാമിക് പി.ജി പഠനമാണ് ഇവിടെ.
സംസ്‌കൃതത്തിൽ (വേദാന്തം) ബിരുദാനന്തര ബിരുദവും ശങ്കരതത്വചിന്തയിൽ പഠനഗവേഷണങ്ങളും നടത്തിയ പ്രിൻസിപ്പൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയാണ് സംസ്‌കൃതം നിർബന്ധിത പാഠ്യവിഷയമാക്കി തീരുമാനമെടുത്തത്. അന്നും ഇന്നും കേരളത്തിലെ ഇസ്‌ളാമിക മതപാഠശാലകളിൽ സംസ്‌കൃതപഠനമില്ല. നൂറോളം വിദ്യാർത്ഥികളുണ്ട്. പഠനം പൂർത്തിയാക്കിയാൽ മാലിക്കി ബിരുദം ലഭിക്കും.
മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളും പാഠ്യപദ്ധതിയിലുണ്ട്. പ്ലസ്ടു ഹ്യുമാനിറ്റീസും കലിക്കറ്റ് സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര കോഴ്‌സും ചേർന്നതാണ് പഠനം. എസ്.എസ്.എൽ.സിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ചേരാം. സംസ്‌കൃത ക്‌ളാസിൽ പങ്കെടുത്താലേ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കൂ. കോഴ്‌സ് പഠിച്ചിറങ്ങിയാൽ അദ്ധ്യാപനം അടക്കമുള്ള ജോലികൾ ലഭിക്കാനുള്ള സാദ്ധ്യതകളുമുണ്ട്.
ബാലപാഠം മുതൽ
സംസ്‌കൃതം എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിശീലനം നൽകും. സിദ്ധരൂപവും അമരകോശവുമെല്ലാം ചൊല്ലിക്കും. ബി.എ മലയാളവും ബി.എ സംസ്‌കൃതവും എം.എ ഇംഗ്‌ളീഷും വിദൂരവിദ്യാഭ്യാസം വഴി പഠിച്ച കെ.കെ.യതീന്ദ്രനാണ് അദ്ധ്യാപകൻ. സംസ്‌കൃതപണ്ഡിതൻ കെ.പി.നാരായണ പിഷാരടിയാണ് അദ്ദേഹത്തിന്റെ ഗുരു. സംസ്‌കൃതവും അറബിയും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സമാനതകൾ തിരിച്ചറിയാമെന്നും പ്രയാസങ്ങളില്ലെന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.
സമാനം ഭാഷാ പ്രയോഗത്തിൽ
- രണ്ട് ഭാഷകൾക്കും പ്രധാനം വ്യാകരണം
- ചൊല്ലിപ്പഠിച്ച് മനഃപാഠമാക്കുന്നതിലും സാമ്യം
- സംസ്‌കൃതത്തിലും അറബിയിലുമുണ്ട് ഏക, ബഹു, ദ്വിവചനങ്ങൾ
- സ്ത്രീലിംഗ പുല്ലിംഗ പദങ്ങളിൽ ക്രിയകൾക്ക് വ്യത്യാസവും ഒരു പോലെ
ഭാഷകൾ തമ്മിലുള്ള സാമ്യം കാരണം കുട്ടികൾ പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ എല്ലാം പഠിച്ചെടുക്കുന്നു.
കെ.കെ.യതീന്ദ്രൻ.