ചേർത്തലയിൽ ഹർത്താൽ ഭാഗീകം,​ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു

Wednesday 29 April 2026 3:49 AM IST

ചേർത്തല: ചേർത്തലയിൽ ഹർത്താൽ ഭാഗികം. നഗരത്തിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടന്നു.സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കി സാധാരണ നിലയിൽ സർവീസ് നടത്തി.തുവറൂർ ചാവടി,പള്ളിപ്പുറം, പൊന്നാംവെളി, ബണ്ട് റോഡ് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ രാവിലെ വാഹനങ്ങൾ തടഞ്ഞു. കടകളും പമ്പുകളും ഉൾപ്പെടെ അടപ്പിച്ചു. ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പെട്രോൾ പമ്പ് തുറന്നു പ്രവർത്തിച്ചു.വടക്കേ അങ്ങാടി കവല ഉൾപ്പെടെ ചേർത്തലയിലെ കടകൾ ഹർത്താൽ അനുകൂലികളെത്തി അടപ്പിച്ചു. ആർക്കെതിരെയും കേസെടുത്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തി. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.

ഹർത്താലിൽ ചേർത്തല കെ.എസ്.ആർ.ടി.സിയിലെ കാന്റീൻ അടച്ചതിൽ പ്രതിഷേധം. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) എ.ടി.ഒക്ക് പരാതി നൽകി. കാന്റീന് സുരക്ഷയൊരുക്കി പ്രവർത്തിപ്പിക്കാനാകാത്തത് മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നു കാട്ടിയാണ് പരാതി. നഗരത്തിൽ മറ്റിടങ്ങളിലും കടകളില്ലാതിരുന്നതിനാൽ ജോലിക്കുണ്ടായിരുന്ന ജീവനക്കാർക്കടക്കം ഭക്ഷണം കിട്ടാത്ത സ്ഥിതിയായിരുന്നു. 12 സർവീസ് വെട്ടിച്ചുരുക്കിയത് ഒഴിച്ചാൽ ചേർത്തലയിൽ നിന്ന് രാവിലെ പത്തിനു മുൻപായി പതിവുപോലെ എല്ലാ സർവീസുകളും നടത്തിയിരുന്നു. ചിലയിടങ്ങളിൽ വണ്ടി തടഞ്ഞതിനെ തുടർന്ന് യാത്രക്കാരുള്ളയിടങ്ങളിലേക്ക് മാത്രമാണ് സർവീസ് നടത്തിയത്. വൈകിട്ട് ആറിന് ശേഷവും സർവീസ് തുടർന്നു.