വക്കത്ത് റോഡുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു
വക്കം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമായ വക്കത്തെ രണ്ട് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.ഏറൽമുക്ക് - മാടൻനട -മരുതൻ വിളാകം റോഡിന്റെയും കുന്നുവിള മല്ലൻ കുന്നുവിള റോഡിന്റെയും പുനർനിർമ്മാണമാണ് ആരംഭിച്ചത്.പഞ്ചായത്ത് ഫണ്ടിന്റെ ലഭ്യതക്കുറവാണ് റോഡ് പണി വൈകാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് കഴിഞ്ഞ വർഷം തുക അനുവദിച്ചെങ്കിലും മെല്ലെപ്പൊക്ക് തുടരുന്ന സ്ഥിതിയായിരുന്നു. വക്കത്തുനിന്ന് റെയിൽവേ ഗേറ്റിൽ കിടക്കാതെ കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി തീരദേശപാതയിലെത്താൻ കഴിയുന്നതാണ് മരുതൻവിളാകം റോഡ്.കൂടാതെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും വക്കത്തേക്ക് പോകുന്നത് ഇതുവഴിയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാം
വീതിയുള്ള റോഡായതിനാൽ ഇവിടെ ആധുനിക രീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയാൽ വക്കത്ത് നിന്നും ആറ്റിങ്ങൽ,ചിറയിൻകീഴ്,കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം റെയിൽവേ ഗേറ്റിൽ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാം. ആലംകോട്-മീരാൻ കടവ്റോഡ് പണി നടക്കുന്ന സമയത്ത് വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി തിരിച്ചുവിട്ടതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്ന് 66 ലക്ഷം രൂപ അനുവദിക്കുകയും കരാർ നടപടികൾ പൂർത്തിയാകുകയും ചെയ്തതോടെയാണ് പണി ആരംഭിച്ചത്.
ദുരിതത്തിന് വിരാമം
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പിടുന്നതിന് വേണ്ടി റോഡിന്റെ മദ്ധ്യഭാഗം വെട്ടിപ്പൊളിച്ചിട്ട് വർഷങ്ങളായി. കുത്തനെയുള്ള റോഡിൽ ഓട നിർമ്മിച്ച് സ്ലാബിട്ട് റോഡ് നവീകരിക്കുന്നതിന് തുക പര്യാപ്തമല്ലെന്ന് പഞ്ചായത്ത് അറിയിച്ചെങ്കിലും കൂടുതൽ തുക അനുവദിച്ചിരുന്നില്ല. അനുവദിച്ച തുകയ്ക്ക് ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും കരാർ നടപടികൾ ഇഴഞ്ഞുനീങ്ങിയിരുന്നു. കരാർ നടപടികൾ പൂർത്തിയാക്കിയതോടെ കഴിഞ്ഞ ദിവസം റോഡ് പണി ആരംഭിക്കുകയായിരുന്നു. രണ്ട് റോഡുകളും ഗതാഗത യോഗ്യമാകുന്നതോടെ വർഷങ്ങളായുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
വളരെക്കാലത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് സഫലമാകുന്നത്.ഇതോടെ റെയിൽവേ ഗേറ്റിൽ കുടുങ്ങാതെ യാത്ര ചെയ്യാൻ സാധിക്കും.
ടി.ഷാജു സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, വക്കം.