വഴിമുടക്കി ഹർത്താൽ, തെരുവിൽ വലഞ്ഞ് ജനം
ആലപ്പുഴ: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. വാഹനങ്ങൾ തടയില്ലെന്ന പ്രതീക്ഷയിൽ പുറത്തിറങ്ങിയവരിൽ പലരും വലഞ്ഞു. സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.കടകളും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും അടക്കം അടപ്പിച്ചു.ഒരു സ്വകാര്യ ബസ് പോലും സർവീസ് നടത്തിയില്ല. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവർ പെരുവഴിയിലായി. പൊലീസ് വാഹനത്തിൽ ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചു.കെ.എസ്.ആർ.ടി.സി ബസുകൾ പതിവ് പോലെ സർവീസ് നടത്തിയെങ്കിലും ചില സ്ഥലങ്ങളിൽ സമരാനുകൂലികൾ തടഞ്ഞു. സിവിൽ സ്റ്റേഷനിലെത്തിയ ഹർത്താൽ അനുകൂലികൾ ആർ.ടി.ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് നടത്തുന്നത് തടസ്സപ്പെടുത്തി. എന്നാൽ, ടെസ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഹർത്താൽ ശക്തമായെന്ന അറിയിപ്പ് ലഭിച്ചതോടെ നിരത്തുകളിൽ തിരക്കുണ്ടായില്ല. യാത്രക്കാർ കുറവായിരുന്നതിനാൽ ചില ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി റദ്ദാക്കി. ബോട്ട് സർവീസുകൾക്ക് തടസ്സമുണ്ടായില്ല. ആലപ്പുഴ നഗരത്തിൽ ഹർത്താൽ അനുകൂലികൾ കടകമ്പോളങ്ങൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചത് നേരിയസംഘർഷമുണ്ടാക്കി. വൈ.എം.സി.എ ജംഗ്ഷൻ, ബോട്ട് ജെട്ടി, പിച്ചുഅയ്യർ, മുല്ലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ബലമായി കടകൾ അടപ്പിച്ചത്. ബോട്ടുജെട്ടി ജംഗ്ഷനിലെ തുണിക്കട അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിൽ കലാശിച്ചു. കടയിലെ ജീവനക്കാരിയിലെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും പരാതിയുണ്ട്. പൊലീസ് ബലംപ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. ചാരുംമൂട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞതോടെ തുടർന്ന് കായംകുളം -പുനലൂർ റോഡിലും കൊല്ലം-തേനി ദേശീയപാതയിലും കെ. എസ്.ആർ.ടി.സി. ബസ് സർവീസ് സ്തംഭിച്ചു. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ അദ്ധ്യക്ഷ മണി വിശ്വനാഥിൻ്റെ കാർ തടഞ്ഞ ശേഷം വിട്ടയച്ചു.
മാവേലിക്കര - തൃക്കുന്നപ്പുഴ റോഡിൽ കരിപ്പുഴയിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി.ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിച്ചു.ചേർത്തല പൊന്നാം വെളിയിൽ വാഹനങ്ങൾ തടഞ്ഞു. ഭരണിക്കാവിലും വള്ളിക്കുന്നതും സർക്കാർ ഓഫീസുകളും കടകളും ബാങ്കുകളും അടപ്പിച്ചു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ തകഴി ക്ഷേത്ര ജംഗ്നിൽ രാവിലെ വാഹനങ്ങൾ തടഞ്ഞു. ഹരിപ്പാട് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
സംരക്ഷണം നൽകില്ല: വ്യാപാരികൾ നിർബന്ധിച്ച് കടകകൾ അടപ്പിക്കില്ലന്ന് പറഞ്ഞ ശേഷം ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയും അക്രമം നടത്തിയും കടകൾ അടപ്പിച്ചെന്ന് വ്യാപാരികൾ. കടകൾ തുറക്കാൻ പൊലീസ് മതിയായ സംരക്ഷണം ഒരുക്കിയില്ല. ആലപ്പുഴ നഗരത്തിൽ വിളിച്ച് പറഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, സെക്രട്ടറി നസീർ പുന്നക്കൽ എന്നിവർ പറഞ്ഞു. ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും അക്രമത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.