പഞ്ചാബിലെ പ്രതിസന്ധി മറികടക്കാൻ ഇന്ന് എം.എൽ.എമാരുടെ യോഗം

Wednesday 29 April 2026 12:08 AM IST

ന്യൂ‌ഡൽഹി: ഏഴു വിമത രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ ഉരുത്തിരിഞ്ഞ പഞ്ചാബിലെ പ്രതിസന്ധി മറികടക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ആംആദ്മി പാർട്ടി. ജലന്ധറിൽ ഇന്ന് ഉന്നതതല യോഗം ചേരും. പാർട്ടിയിലെ 94 എം.എൽ.എമാരോടും ജലന്ധറിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 63 എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്ന്,​ പാർട്ടി വിട്ട രാഘവ് ഛദ്ദ അവകാശവാദമുന്നയിച്ചിരുന്നു. ഇതിനെ നേതൃത്വം തള്ളുന്നുണ്ടെങ്കിലും രാഘവ് ഛദ്ദ ശുപാർശ ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ സീറ്റ് കിട്ടിയ ചില എം.എൽ.എമാർ പാർട്ടിയുടെ നിരീക്ഷണത്തിലാണ്. പഞ്ചാബിന്റെ ചുമതല വഹിക്കുന്ന മനീഷ് സിസോദിയയുടെ ആഭിമുഖ്യത്തിലാണ് ഇന്നത്തെ യോഗം. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഓൺലൈനായി ചേർന്നേക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നും പങ്കെടുക്കും. മുൻകൂട്ടി തീരുമാനിച്ച യോഗമാണെന്നാണ് പാർട്ടിയുടെ പഞ്ചാബ് ഘടകം പ്രസിഡന്റ് അമൻ അറോറ പറയുന്നത്. അതേസമയം, ആംആദ്മിയിലെ രണ്ട് ലോക്‌സഭാ എം.പിമാ‌‌ർ ഉടൻ പാർട്ടി വിടുമെന്ന് തനിക്ക് വിവരം കിട്ടിയതായി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ പറഞ്ഞു. മൂന്ന് എം.പിമാരാണ് ആംആദ്മിക്ക് ലോക്‌സഭയിലുള്ളത്.

തളരുകയല്ല, വളരുകയാണെന്ന് അതിഷി

ആംആദ്മി പാർട്ടി തകർന്നുവെന്ന നിലയിലുള്ള കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തെ തള്ളി ഡൽഹി പ്രതിപക്ഷനേതാവ് അതിഷി. ആംആദ്മിയുടെ രാഷ്ട്രീയ അന്ത്യമായെന്ന് നിരന്തരം ബി.ജെ.പി കള്ളപ്രചാരണം നടത്തുന്നു. എന്നാൽ പാർട്ടി വിവിധ സംസ്ഥാനങ്ങളിൽ വളരുകയാണ്. ബി.ജെ.പിയുടെ പ്രസ്‌താവനകൾ സൂചിപ്പിക്കുന്നത് അവ‌ർ എത്രത്തോളം രാഷ്ട്രീയ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നതാണ്. പാർട്ടി വിമത എം.പിമാരുടെ ബി.ജെ.പിയിലേക്കുള്ള ചാട്ടം അംഗീകരിച്ച രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പി ദുർബലപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു. അതിഷിയുടെ ആരോപണങ്ങളെ ബി.ജെ.പി തള്ളി.