'സോഷ്യൽ  മീഡിയയിൽ  നിന്ന്  പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, ശേഷം മോർഫ്  ചെയ്ത് വിൽക്കും'; യുവാവിനെതിരെ പരാതി

Wednesday 29 April 2026 10:02 AM IST

മലപ്പുറം: സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. രാമനാട്ടുകര സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കെെക്കലാക്കി അവ അശ്ലീലരൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രതി വിൽക്കുന്നതായി പരാതിയിൽ പറയുന്നു. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയുടെ ഫോണിൽനിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു.

കേസെടുത്ത് ഒരാഴ്ചയിലേറെയായിട്ടും യുവാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ചിത്രങ്ങൾ മോർഫ് ചെയ്യുന്നതിന് പുറമെ പെൺകുട്ടികൾക്ക് വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ലെെംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുന്ന സ്വഭാവവും നിതിനുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്കൂൾ കുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തിൽ പ്രതി പ്രചരിപ്പിക്കാറുണ്ട്.

പ്രതി തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താലേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. നിതിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺകൂടി പിടിച്ചെടുത്തു. കണ്ണൂർ സ്വദേശിനിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകമറിഞ്ഞത്.