ക്ഷേത്രത്തിൽ സ്ത്രീകൾ മുടി അഴിച്ചിട്ട് കയറരുത്; പണ്ടുള്ളവർ പറയുന്നതിന് പിന്നിലും കാര്യമുണ്ട്

Wednesday 29 April 2026 11:56 AM IST

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലനിൽക്കുന്നുണ്ട്. ഇതിൽ പലതും ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായി തലമുറകളായി പിന്തുടരുന്നവയാണ്. ക്ഷേത്ര ദർശനം നടത്തുന്നതിന് മുൻപ് മുതൽ ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കാറുണ്ട്. അതിൽ ഒന്നാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ സ്ത്രീകൾ മുടി അഴിച്ചിടരുതെന്നത്. പണ്ടുമുതൽ ക്ഷേത്രത്തിൽ കയറുന്ന സ്ത്രീകൾ മുടി കെട്ടി മാത്രമേ പ്രവേശിക്കാറുള്ളൂ. എന്നാൽ അതിന്റെ കാരണം പലർക്കും അറിയില്ല.

ക്ഷേത്രത്തിനുള്ളിൽ മുടി അഴിച്ചിട്ട് പോകുമ്പോൾ അറിയാതെ മുടി കൊഴിഞ്ഞ് ഉള്ളിൽ വീഴുന്നത് വളരെ ദോഷമായി കണക്കാക്കുന്നു. ഇത്തരത്തിൽ മുടി പൂക്കളിലോ വെള്ളത്തിലോ നിവേദ്യം തയ്യാറാക്കുന്നതിലോ വിളക്കിലോ വീഴാൻ സാദ്ധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് മുടികെട്ടിവയ്ക്കണമെന്ന് പറയുന്നത്. അങ്ങനെ പൂജാ സാധനങ്ങളിൽ മുടി വീണാൽ പിന്നെ അത് പൂജയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ മുടിയുടെ അറ്റമെങ്കിലും കെട്ടിയിട്ടേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ.

കൂടാതെ ക്ഷേത്രത്തിൽ എപ്പോഴും വിളക്കുകൾ കത്തിച്ച് വയ്ക്കീറുണ്ട്. ആ സമയം മുടി വിടർത്തിയിട്ട് പോയാൽ തിക്കും തിരക്കും ഉണ്ടാകുമ്പോൾ വിളക്കിൽ നിന്ന് തീ പിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതാണ് മുടി കെട്ടാൻ പറയുന്നതിന്റെ മറ്റൊരു കാരണം. ഇതെല്ലാം കൊണ്ടാണ് ക്ഷേത്രത്തിൽ മുടി അഴിച്ചിട്ട് പോകരുതെന്ന് പണ്ടുള്ളവർ പറയുന്നത്. എന്നാൽ ഇന്ന് പല ക്ഷേത്രങ്ങളിലും സ്ത്രീകൾ മുടി അഴിച്ചിട്ട് പോകാറുണ്ട്.