മുഖ്യമന്ത്രിപ്പോര് മുറുകുന്നു: തമ്മിലടിയും ഫ്ളക്സും മുതൽ തുലാഭാരം വരെ

Wednesday 29 April 2026 2:43 PM IST

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരുന്നു. തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മുഖ്യമന്ത്രി പദത്തിനായി പരസ്യമായി ചരടുവലികൾ മുറുകുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ മുൻനിർത്തിയാണ് ചർച്ചകൾ ചൂടുപിടിക്കുന്നത്. ചർച്ചകൾ പരിധി വിടുന്നുവെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. വിഷയത്തിൽ രാഹുൽ ഗാന്ധി കർശന നിലപാട് സ്വീകരിച്ചിട്ടും ഹൈക്കമാൻഡ് ശക്തമായ താക്കീത് നൽകിയിട്ടും വിവാദങ്ങൾക്ക് ശമനമില്ല.

സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ കർശനമായി നിയന്ത്രിക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. യോഗ്യത സംബന്ധിച്ച് നേതാക്കളുടെ അവകാശവാദവും സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള അണികളുടെ പോർ വിളികളും അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി നിർദ്ധേശം നൽകിയിട്ടും വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി ഫ്ളക്സ് ബോർഡുകളും ബാനറുകളും മാറി മാറി പ്രത്യക്ഷപ്പെടുകയാണ്.

അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി പാലക്കാട് ജില്ലയിലെ ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ടുള്ള തുലാഭാരം നടത്തിയ ചീട്ടാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. യൂത്ത് കോൺഗ്രസ് തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം അനിൽകുമാർ ആണ് കെ.സി വേണുഗോപാലിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്. ഈ ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്നുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. ഇന്ദിരാഗാന്ധി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ചർച്ചകൾക്ക് തനിക്ക് താല്പര്യമില്ലെന്നാണ് കെ.സി വേണുഗോപാലിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുകയാണ്.

സാമൂഹിക മാദ്ധ്യമങ്ങളിൽ നേതാക്കളെ അനുകൂലിച്ചിടുന്ന പോസ്റ്റുകൾക്ക് താഴെ വ്യക്തിപരമായ വിമർശനങ്ങൾ വർദ്ധിച്ചതിന് പിന്നാലെ പൊതുജനമധ്യത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 'യുഡിഎഫ് ജയിക്കും വി.ഡി സതീശൻ നയിക്കുമെന്ന' ഫ്ളക്സ് ബോർഡ് ഉയർന്നപ്പോൾ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ 'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല' എന്ന തരത്തിലായിരുന്നു ഫ്ളക്സുകൾ. മുഖ്യമന്ത്രി ചർച്ചകൾ വേണ്ടെന്ന കെപിസിസിയുടെ നിർദ്ധേശം അവഗണിച്ചാണ് മുതിർന്ന നേതാക്കൾ അടക്കം ചർച്ചകൾ നടത്തുന്നത്. ഫലം വരുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചർച്ചകൾ നടത്തുന്നതിൽ മുന്നണിയിലെ പ്രധാന കക്ഷിയായ ലീഗ് അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു.