അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട മൂന്നാമനും മരണമടഞ്ഞു
പെരുമ്പാവൂർ: അശമന്നൂർ ചെറുകുന്നത്ത് പെരിയാർവാലി മെയിൻകനാലിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെട്ട മേതല കെ.എം.പി നഴ്സിംഗ് കോളജ് വിദ്യാർത്ഥികളിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണമടഞ്ഞു. കോട്ടയം മണർകാട് മട്ടപ്ളാക്കൽവീട്ടിൽ സുനിലിന്റെ മകൻ എമിലാണ് (21) കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. നിലമ്പൂർ ചുങ്കത്തറയിൽ പാലത്താരാൻവീട്ടിൽ പി.എം. കോയക്കുട്ടിയുടെ മകൻ അജ്‌സൽ (21), കൊല്ലം കാഞ്ഞാവേലി അഞ്ചാലമൂട് വന്മലയിൽ അജ്മൽ നിവാസിൽ ഹബീബിന്റെ മകൻ അജ്മൽ ഹബീബ് (21) എന്നിവരാണ് മരിച്ചത്.
കെ.എം.പി കോളേജിലെ നാലു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കനാലിൽ കുളിക്കാനായി എത്തിയത്. ഇവരിൽ മൂന്നുപേർ മാത്രമേ കുളിക്കാനിറങ്ങിയുള്ളു. എമിൽ ഒഴുക്കിൽപ്പെട്ടതോടെ അജ്മലും അജ്‌സലും രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടെ അവരും ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് മൂന്നു പേരെയും കരയ്ക്കെത്തിച്ചെങ്കിലും അജ്മലിന്റെയും അജ്സലിന്റെയും ജീവൻ രക്ഷിക്കാനായില്ല.