കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
തൊടുപുഴ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുട്ടത്ത് വ്യാപകമായ നാശനഷ്ടം. എള്ളുംപുറം സി.എസ്.ഐ. പള്ളിക്ക് സമീപം താമസിക്കുന്ന ചാമപ്പാറയിൽ മറിയാമ്മ ഈപ്പന്റെ വീട് ഭാഗികമായി തകർന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തായി നിന്നിരുന്ന രണ്ട് പ്ലാവുകൾ ഒടിഞ്ഞ് മുകളിലേക്ക് വീണായിരുന്നു അപകടം. ധാരാളം വീട്ടുപകരണങ്ങൾ അപകടത്തിൽ നശിച്ചു. സമീപത്തെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളിൽ കാറ്റ് വ്യാപകമായ നാശനഷ്ങ്ങൾ വരുത്തിയിട്ടുണ്ട്. ഉടനടി നാട്ടുകാരുടെ സഹകരണത്തോടെ മരങ്ങൾ വെട്ടിമാറ്റി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഫർണിച്ചറുകളും പാത്രങ്ങളും ജനൽപാളികളും, ഷീറ്റുകളുമടക്കം തകർന്നിട്ടുണ്ട്. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി സതീഷ് സംഭവസ്ഥലം സന്ദർശിച്ചു. ജില്ല അതിർത്തിയായ കാഞ്ഞിരം കവലയ്ക്ക് സമീപം തോണിക്കല്ലിൽ മരം വീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡരുകിൽ നിന്ന തേക്ക്, ഞാവൽ, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ ശക്തമായ കാറ്റിൽ ഒടിഞ്ഞ് വീഴുകയായിരുന്നു മുട്ടം പൊലീസ് അറിയിച്ചതിനനുസരിച്ച് തൊടുപുഴ ഫയർ ഫോഴ്സ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.