പ്രണയം നടിച്ച് പീഡനം: യുവാവിന് 38 വർഷം തടവും 1.85 ലക്ഷം പിഴയും
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് 38 വർഷം കഠിന തടവ്. മൂവാറ്റുപുഴ പായിപ്ര ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണുദേവിനെയാണ് (28) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി.ഹരീഷ് കഠിനതടവിനും 1.85 ലക്ഷം പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷവും ഒരു മാസവും അധിക ശിക്ഷ അനുഭവിക്കണം. 2022ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
മെഡിക്കൽ കോളജിൽ നിന്ന് മകളെ കാണാതായെന്ന് കാട്ടി അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ചിത്തരഞ്ജൻ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിഷ്ണുദേവിനെ അറസ്റ്റുചെയ്യുകയായിരുന്നു. അമ്പലപ്പുഴ എസ്.എച്ച്.ഒ ആയിരുന്ന ദ്വിജേഷ് .എസ് ആണ് കുറ്റപത്രം നൽകിയത്.എസ്.ഐ മാരായ പ്രിൻസ്, പ്രതാപൻ, എ.എസ്.ഐ ഷൈനി, സി.പി.ഒ അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.രഘു ഹാജരായി. എ.എസ്.ഐ മാരായ വാണി പീതാംബരൻ, സതീഷ് കെ.സി, ഷിഹാബുദ്ദീൻ, സി.പി.ഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.