വേനൽക്കാലത്ത് ജലം ഉയരുന്നത് കൗതുകമായി

Thursday 30 April 2026 1:46 AM IST

നെയ്യാറ്റിൻകര: ജലക്ഷാമം വ‌‌ർദ്ധിച്ച സമയത്ത് വെള്ളറടയിലെ ആര്യങ്കോട് പഞ്ചായത്തിലെ ഇടവാൾ വാർഡിലെ കിണറുകളിൽ വെള്ളം നിറയുന്നു. ആഴമുള്ള കിണറുകളിൽ പോലും ഏതാണ്ട് ആറ് അടിയിലേറെ ജലം ഉയർന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ജലനിരപ്പ് ഉയ‌ർന്നു തുടങ്ങിയത്.ആര്യങ്കോട് പഞ്ചായത്തിലെ വലിയകുളത്തറയിലെ അഞ്ഞൂറ് മീറ്ററിനുള്ളിലെ കിണറുകളിലെ ജലമാണ് ക്രമാധികം ഉയരുന്നത്. നാട്ടുകാ‌ർ അറിയിച്ചതിനെ തുടർന്ന് ഭൂഗ‌ർഭജല വകുപ്പ് പരിശോധിക്കാനെത്തും.

മൂന്നുംനാലും ദിസവത്തിലൊരിക്കൽ ജലം കോരാവുന്ന കിണറുകളിൽ മൂന്നാൾ പൊക്കത്തിലാണ് ജലനിരപ്പ്. നല്ല തെളിഞ്ഞ ജലത്തിന് രുചി വ്യത്യാസമില്ലെന്ന് നാട്ടുകാർ പറയുന്നു. ജലലഭ്യത ഇല്ലാതിരുന്ന പ്രദേശത്ത് ഇത്രയധികം വെള്ളം എങ്ങനെയെന്ന കൗതുകത്തിലാണ് നാട്ടുകാർ. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സാധാരണ വേനൽക്കാലത്ത് 5അടി ജലം ഉണ്ടായിരുന്ന കിണറുകളിൽ ഇപ്പോൾ പത്തടിയിലേറെ വെള്ളമുണ്ട്. മിക്കവാറും എല്ലാ കിണറുകളിലേയും ജല നിരപ്പ് ഒന്നുപോലെയാണ്.