അസാമിൽ അധികാരത്തുടർച്ചയെന്ന് എക്‌സിറ്റ് പോൾ

Thursday 30 April 2026 12:50 AM IST

ന്യൂഡൽഹി: അസാമിൽ നഷ്‌ടപ്രതാപം വീണ്ടെടുത്ത് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള കോൺഗ്രസ് പ്രതീക്ഷകൾ ഇക്കുറിയും നടപ്പാകില്ലെന്നാണ് ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങളുടെ വിലയിരുത്തൽ. നുഴഞ്ഞുകയറ്റ വിഷയം മുദ്രാവാക്യമാക്കിയ ബി.ജെ.പി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ അധികാരത്തുടർച്ച നേടുമെന്ന് സർവേ ഫലങ്ങൾ പ്രവചിക്കുന്നു.

126 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 64ൽ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ നിഷ്‌പ്രയാസം നേടുമെന്നാണ് പ്രവചനം. എൻ.ഡി.എ 80 മുതൽ 100 വരെ സീറ്റു നേടുമെന്ന് സർവേകൾ പറയുന്നു. അതേസമയം കോൺഗ്രസിന് 25നും 33നും ഇടയിലാണ് സാദ്ധ്യത. 90 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് പ്രവചനം.

ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്, കോൺഗ്രസിനൊപ്പം മുന്നണിയായി മത്സരിച്ച റൈജോർ ദളിനും ഇടതു പാർട്ടികൾക്കും നിരാശയാണ് സർവേകളിൽ. മുന്നണിയിൽ എ.ജി.പി, ബി.പി.എഫ് എന്നിവയ്‌ക്കും നേട്ടമുണ്ടാകും. കോൺഗ്രസ് 99 സീറ്റുകളിലും 13 സീറ്റുകളിലും എജെപി 10 സീറ്റുകളിലും മത്സരിച്ചു. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനും യുവ നേതാവുമായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് അസാമിൽ തിരിച്ചുവരവിന് ശ്രമിച്ചത്.