അച്ഛന്റെ ജോലിക്കും പണത്തിനുമായി അമ്മയെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മകളും കാമുകനും അറസ്റ്റിൽ
റാഞ്ചി: ആശ്രിതനിയമനത്തിലൂടെയുള്ള ജോലി ലഭിക്കാൻ അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകൾ. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം നടന്നത്. നഹീദ പർവീൺ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മണിതോല സ്വദേശിയായ നഹീദ പർവീൺ 17കാരിയായ ദത്തുപുത്രിക്കൊപ്പമാണ് താമസിച്ചിരുന്നത്. വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്ന ഭർത്താവ് നാലുവർഷം മുൻപ് മരണപ്പെട്ടു. തുടർന്ന് 45 ലക്ഷം രൂപ നഹീദയ്ക്ക് സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ ഏക നോമിനി മകളായിരുന്നു.
പെൺകുട്ടി പതിവായി അക്കൗണ്ടിൽ നിന്ന് പണമെടുത്ത് കാമുകനായ അർബാസിന് (20) നൽകിയിരുന്നു. ഇതുകണ്ടുപിടിച്ച നഹീദ പണമെടുക്കുന്നത് വിലക്കി. തുടർന്നാണ് അമ്മയെ ഒഴിവാക്കാൻ മകൾ തീരുമാനിച്ചത്. അക്കൗണ്ടിൽ നിന്ന് പണം എടുക്കാനുള്ള അവകാശം നേടിയെടുക്കുകയും ആശ്രിതനിയമനത്തിലൂടെ ജോലി നേടിയെടുക്കുകയുമായിരുന്നു ലക്ഷ്യം.
ഏപ്രിൽ 24ന് രാത്രി പെൺകുട്ടിയും കാമുകനും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഉറക്കത്തിലായിരുന്ന നഹീദയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ചെറുത്തുനിൽക്കുന്നതിനിടെ നഹീദയ്ക്ക് കഴുത്തിന് ഗുരുതരമായി മുറിവേറ്റു. രക്തം വാർന്നാണ് ഇവർ മരിച്ചത്. തുടർന്ന് നഹീദയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയും കിടക്ക വീടിന് സമീപത്തെ മരത്തിനിടയിൽ ഒളിപ്പിക്കുകയും ചെയ്തു. കൊല നടത്തിയതിന് 12 ലക്ഷം രൂപയാണ് പെൺകുട്ടി പ്രതിഫലം നൽകിയത്.
പിറ്റേന്ന് രാവിലെ പെൺകുട്ടി ബന്ധുക്കളെ വിളിച്ച് നഹീദ ടോയ്‌ലറ്റിൽ തെന്നിവീണതിനെത്തുടർന്ന് മരണപ്പെട്ടുവെന്ന് അറിയിച്ചു. അടുത്തദിവസം മൃതദേഹം അടക്കം ചെയ്തു. എന്നാൽ നദീഹയുടെ കഴുത്തിലെ മുറിവ് ചിലർ ശ്രദ്ധിച്ചിരുന്നു. പിന്നാലെ നഹീദയുടെ ഭർത്താവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയതാണ് കൊലപാതകവിവരം പുറത്തുവരാനിടയാക്കിയത്.
പെൺകുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും കുറ്റം സമ്മതിച്ചു. പണം കാമുകന് നൽകാറുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ അമ്മയുമായി വഴക്ക് പതിവായിരുന്നുവെന്നും ഇക്കാരണത്താലാണ് കൊലപ്പെടുത്തിയതെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ബീഹാറിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നഹീദയുടെ മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റുമോർട്ടത്തിനായി അയച്ചു.