'കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായി, കഷ്ടിച്ച് രക്ഷപ്പെട്ടു'; ദുരനുഭവം വെളിപ്പെടുത്തി നടി

Thursday 30 April 2026 12:27 PM IST

കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി കൃതിക കമ്ര. ടെലിവിഷൻ താരങ്ങൾ നേരിടുന്ന വേർതിരിവിനെക്കുറിച്ചും നടി ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

'കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മാതാപിതാക്കൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. എനിക്കും അങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ഭാഗ്യംകൊണ്ട് അന്ന് രക്ഷപ്പെട്ടു. ഞാൻ മിടുക്കിയായതുകൊണ്ടല്ല, മറിച്ച് വളരെ ചെറുപ്പമായതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.

ടെലിവിഷൻ താരങ്ങളോടുള്ള വേർതിരിവും അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ സന്തോഷത്തോടെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയായിരുന്നു. എന്റെ മനസിൽ സിനിമയും ടെലിവിഷനും തമ്മിൽ വ്യത്യാസമില്ലായിരുന്നു. ഞാൻ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് വന്നത്.

സ്‌ക്രീനിൽ അഭിനയിക്കുന്ന ഏതൊരാളും എനിക്ക് അഭിനേതാവായിരുന്നു. ഈ വേർതിരിവിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഒരു തരത്തിൽ ഫ്യൂഡലിസം പോലെയാണിത്. സ്‌ക്രീനിലെ സാന്നിധ്യവും കഥാപാത്രങ്ങളുംവച്ച് ഒരാളെ എങ്ങനെ കാണുന്നുവെന്നും എനിക്കറിയില്ലായിരുന്നു.

ഞാനൊരു ഫെമിനിസ്റ്റാണ്. എങ്ങനെയാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്. വെബ് ഷോസും സിനിമയും ചെയ്യുമ്പോഴും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ നൽകാറുണ്ട്. ഒരു വലിയ സിനിമയുടെ ഭാഗമാകാൻ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- കൃതിക വ്യക്തമാക്കി.

നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത 'മട്‌ക കിംഗ്' എന്ന ടെലിവിഷൻ പരമ്പരയിലാണ് കൃതിക അവസാനമായി അഭിനയിച്ചത്. വിജയ് വർമ്മ, സായ് തംഹങ്കർ എന്നിവരായിരുന്നു പരമ്പരയിലെ മറ്റ് പ്രധാന താരങ്ങൾ. സ്പോർട്സ് കമന്റേറ്റർ ഗൗരവ് കപൂർ ആണ് കൃതികയുടെ ഭർത്താവ്.