'ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും': ഗള്‍ഫിന് അമേരിക്ക ഇല്ലാത്ത ഭാവി ഉണ്ടാകുമെന്ന് മുജ്‌തബ ഖമനേയി
ടെഹ്‌റാന്‍: ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കുമെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് മുജ്‌തബ ഖമനേയി. അധിനിവേശത്തെ ധീരമായി ചെറുത്ത പാരമ്പര്യമാണ് ഇറാനെന്നും അത് തുടരുമെന്നും ഖമനേയി വ്യക്തമാക്കി. ഗള്‍ഫിനെ അസ്ഥിരപ്പെടുത്തുന്നത് യുഎസ് സൈനിക സാന്നിധ്യമാണെന്നും ഗള്‍ഫിന് അമേരിക്ക ഇല്ലാത്ത ഒരു ഭാവി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സൈനിക കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അമേരിക്ക എങ്ങനെ ഗള്‍ഫ് മേഖലയിൽ സുരക്ഷ ഒരുക്കുമെന്നും ഖമനേയി ചോദിച്ചു. മേഖലയിലെ ആക്രമണവും സൈനിക നടപടിയും രണ്ട് മാസം പിന്നിടുമ്പോള്‍ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസിലും ഒരു പുതിയ അദ്ധ്യായം കുറിക്കുമെന്നും കൂട്ടിച്ചേർത്തു.
'ഹോര്‍മുസില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിരവധി പിശാചുകളുടെ അത്യാഗ്രഹം കണ്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാനിയന്‍ സേനകളുടെ അചഞ്ചലവും ജാഗ്രതനിറഞ്ഞതുമായ ധീര പോരാട്ടം ഇറാന്‍ ജനത സ്വന്തം കണ്ണുകളാല്‍ കണ്ടു. എന്നാല്‍ അമേരിക്കയ്ക്ക് അവരുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ പോലും കഴിയുന്നില്ല'- ഖമനേയി പരിഹസിച്ചു.
ആണവ, മിസൈല്‍ ശേഷികളെ ഇറാന്‍ ജനത ദേശീയ തലസ്ഥാനം പോലെയാണ് കാണുന്നത്. ജലം, മണ്ണ്, വ്യോമ അതിര്‍ത്തികള്‍ പോലെ അവയെ സംരക്ഷിക്കുമെന്നും ഖമനേയി പറഞ്ഞു. ഇറാന്റെ ആണവശേഷികള്‍ പൂര്‍ണമായും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാൻ പരമോന്നത നേതാവിന്റെ പ്രതികരണം.